ചേറ്റുവയിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെ, വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ കയ്യോടെ പിടികൂടി. പിടിയിലായ യുവതിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.
തൃശൂർ : ചേറ്റുവയിൽ വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ദേശീയപാതയോട് ചേർന്ന ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. നടുവിൽക്കര സ്വദേശികളുടെ വിവാഹമാണ് ചേറ്റുവയിലെ ഹാളിൽ നടന്നത്. വിവാഹത്തിന് വൻ തിരക്കായിരുന്നു. ഇതിനിടെയാണ് തമിഴ്നാട് സ്വദേശിനിയാണെന്ന് സംശയിക്കുന്ന യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.
യുവതി പിന്നിലൂടെ കയ്യിട്ടാണ് മാല പൊട്ടിക്കാൻ തുനിഞ്ഞത്. കഴുത്ത് വലിഞ്ഞതോടെ വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടു. ഇവർ യുവതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ബഹളമായതോടെ വിവാഹത്തിനെത്തിയവർ യുവതിയെ കൈകാര്യം ചെയ്ത ശേഷം പൊലീസിനെ വരുത്തി മോഷ്ടാവിനെ കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.
യുവതിയുടെ കൂടെ മറ്റൊരു സ്ത്രീയും എത്തിയിരുന്നെങ്കിലും ബഹളത്തിനിടെ അവർ രക്ഷപ്പെട്ടു. ചേറ്റുവ ചന്ദനക്കുടം നേർച്ചയും നടന്നു വരികയാണ്. നേർച്ചയിലെ ആൾത്തിരക്കിൽ മാല കവരാനുള്ള ലക്ഷ്യത്തിലാണ് മാല മോഷ്ടാക്കളായ വനിത സംഘം ചേറ്റുവയിൽ എത്തിയതെന്ന് സംശയമുണ്ട്.


