Asianet News MalayalamAsianet News Malayalam

'പള്ളിമുറ്റത്ത് കപ്പലണ്ടി വിറ്റ് വികാരി'; ഒറ്റ ദിവസം കിട്ടിയത് 35,000, ആവശ്യം അറിഞ്ഞതോടെ സഹകരിച്ച് നാട്ടുകാരും

വറുത്ത കപ്പലണ്ടി, മസാല കപ്പലണ്ടി, കപ്പലണ്ടി മിഠായികള്‍ എന്നിവയാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.

thrissur church priest starts kappalandi kada here is the reason joy
Author
First Published Jan 22, 2024, 7:43 PM IST

തൃശൂര്‍: കിഡ്നി രോഗിയെ സഹായിക്കാന്‍ ഇടവക തിരുനാളില്‍ പള്ളിമുറ്റത്ത് കപ്പലണ്ടി വിറ്റ് വികാരി. തൃശൂര്‍ നെടുപുഴ സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ദേവാലയത്തിലാണ് സംഭവം. വിശുദ്ധ സ്നാപക യോഹന്നാന്റെ നാമധേയത്തിലുള്ള ഈ പള്ളിയിലെ വികാരിയച്ചന്‍ ഫാ. ജോബ് പടയാറ്റിലാണ് കപ്പലണ്ടിക്കട ആരംഭിച്ചത്. 

'എല്ലാവരും കടന്നുവരൂ, കപ്പലണ്ടിക്കടയിലേക്ക് സ്വാഗതം' എന്നുറക്കെ വിളിച്ച് ഇടവകയിലെ വൃക്ക രോഗിയായ സിജുവിന്റെ വൃക്ക മാറ്റിവയ്ക്കലിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടി രംഗത്തിറങ്ങിയതാണ് അച്ചന്‍. സിജുവിന്റെ പേരില്‍ ചികിത്സാ സഹായനിധി രൂപീകരിച്ച് ധന സമാഹരണം നടത്തുന്നുണ്ടെങ്കിലും ആവശ്യമായ ധനം ലഭിച്ചിട്ടില്ലെന്ന് അച്ചന്‍ പറയുന്നു. ആഘോഷങ്ങള്‍ക്കൊപ്പം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരേയും രോഗം മൂലം ദുരിതമനുഭവിക്കുന്നവരേയും ചേര്‍ത്തു പിടിക്കണമെന്ന ചിന്തയാണ് കച്ചവടം എന്ന ആശയത്തിലെത്തിച്ചതെന്ന് അച്ചന്‍ പറഞ്ഞു.  

വിവിധതരം കപ്പലണ്ടികള്‍ കടയില്‍ ഒരുക്കിയിട്ടുണ്ട്. വറുത്ത കപ്പലണ്ടി, മസാല കപ്പലണ്ടി, കപ്പലണ്ടി മിഠായികള്‍ എന്നിവയാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. കടയിലെത്തുന്നവര്‍ക്ക് ഏത് വിഭവം വേണമെങ്കിലും എടുക്കാം. എന്നിട്ട് ഇഷ്ടമുള്ള തുക സിജു ഹെല്‍പ്പ് ഡെസ്‌ക്ക് എന്നെഴുതിയ ബോക്സില്‍ നിക്ഷേപിക്കാം. കുട്ടികളും കുടുംബങ്ങളും കപ്പലണ്ടിക്കടയില്‍ എത്തുന്നുണ്ട്. സിജു സഹായ സമിതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഗൂഗിള്‍ പേ ക്യുആര്‍. കോഡ് വിവരങ്ങളും കപ്പലണ്ടിക്കടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ചികിത്സാ സമിതി കണ്‍വീനര്‍ ജിംസണ്‍, ടോണി, ബിജു, സിജു എന്നിവരും കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മേഴ്സി, കൈക്കാരന്‍മാരായ ബേബി തളിയത്ത്, ജിഷോ വര്‍ഗീസ്, ജോളി, ഷാജു തോമസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കപ്പലണ്ടിക്കടയിലൂടെ ചികിത്സാ സഹായം ശേഖരിക്കുന്നത്. കപ്പലണ്ടി വില്‍പ്പനയിലൂടെ ശനിയാഴ്ച മാത്രം 35.000 രൂപ ലഭിച്ചെന്ന് ഇവര്‍ അറിയിച്ചു. തിരുനാള്‍ ആഘോഷം മാത്രമാക്കാതെ മഹത്തായ സന്ദേശമാക്കി മാറ്റുകയാണ് അച്ചന്‍.

 രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios