Asianet News MalayalamAsianet News Malayalam

'പതിറ്റാണ്ടുകളുടെ പാരമ്പര്യമൊക്കെ ശരി, പക്ഷേ ഇനി വേണ്ട';  തൃശൂരിൽ തെരുവിലെ പുസ്തക വിൽപന വേണ്ടെന്ന് കോപ്പറേഷൻ

അമൂല്യമായ പുസ്തകങ്ങൾ പോലും വൻ വിലക്കുറവിൽ ലഭിക്കുമെന്നതാണ് തെരുവ് പുസ്തകശാലകളുടെ പ്രത്യേകത. കഥ, കവിതകൾ, നോവൽ, ചരിത്രം, മെഡിസിൻ, എൻജിനീയറിംഗ് തുടങ്ങി വിവിധ പുസ്തകങ്ങൾ ഇവിടെ ലഭിക്കും.

Thrissur corporation to ban book sale in street prm
Author
First Published Feb 23, 2024, 2:22 AM IST

തൃശൂർ: തൃശൂരിൽ തെരുവ് പുസ്തക വിൽപ്പന ഇല്ലാതാക്കാൻ കോർപ്പറേഷൻ തീരുമാനം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ വഴിയോരത്തുള്ള പുസ്തകക്കടകൾ നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം കൂടിയ കോർപറേഷൻ കൗൺസിലാണ് തീരുമാനിച്ചത്. കോർപ്പറേഷൻ ഓഫീസ് പരിസരം, സ്വരാജ് റൗണ്ട് പരിസരം, പാലസ് റോഡ്‌, മ്യൂസിയം റോഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവടങ്ങൾ ഒഴിപ്പിക്കാനാണ് തീരുമാനം. ആക്ഷേപമുണ്ടെങ്കിൽ 27നകം ബോധിപ്പിക്കണമെന്ന് കച്ചവടക്കാർക്ക് നോട്ടീസ് നൽകി കഴിഞ്ഞു.  

തീരുമാനം നടപ്പിലാവുന്നതോടെ പതിറ്റാണ്ടുകളായി നഗരത്തിൽ കച്ചവടം നടത്തുന്ന ആറ് കടകൾ ഇല്ലാതാവും. വായനയെ തിരിച്ചു കൊണ്ടുവരുവാൻ സർക്കാർ കോടികൾ മുടക്കി അക്ഷരോത്സവവും സാഹിത്യോത്സവവും നടത്തുമ്പോൾ പുതിയ വായനക്കാരെ ഏറ്റവും കൂടുതൽ സൃഷ്ടിക്കുന്ന വഴിയോര പുസ്തക കടകളെ തുടച്ചു നീക്കുന്നത് വായനയെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമാണെന്നാണ് വിമർശനമുയരുന്നത്. 

അമൂല്യമായ പുസ്തകങ്ങൾ പോലും വൻ വിലക്കുറവിൽ ലഭിക്കുമെന്നതാണ് തെരുവ് പുസ്തകശാലകളുടെ പ്രത്യേകത. കഥ, കവിതകൾ, നോവൽ, ചരിത്രം, മെഡിസിൻ, എൻജിനീയറിംഗ് തുടങ്ങി വിവിധ പുസ്തകങ്ങൾ ഇവിടെ ലഭിക്കും. പഴയ ഇംഗ്ലീഷ് പുസ്തകങ്ങളുടെ വലിയ ശേഖരവും ഉണ്ട്. ഇവിടം വിദ്യാർഥികളടക്കമുള്ള വലിയൊരു വായനക്കാരുടെ സ്രോതസുമാണ്. 

ജീവിതോപാധിയായി പുസ്തക വിൽപ്പന നടത്തുന്ന ഇവരിൽ എഴുത്തുകാരുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും കവിതാ പുസ്തകം പ്രസിദ്ധീകരിച്ച ഷംനാദ് എന്ന കവിയും ഒരു തെരുവ് പുസ്തക കച്ചവടക്കാരനാണ്. പുസ്തകക്കടകൾ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് കോർപറേഷൻ പിന്മാറണമെന്നാണ് പുസ്തക പ്രേമികളുടേയും വിൽപ്പനക്കാരുടെയും ആവശ്യം. ആവശ്യമുന്നയിച്ച് കച്ചവടക്കാർ കോർപറേഷന് നിവേദനം നൽകിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios