അധ്യാപന ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. പത്രപരസ്യം നൽകി വിശ്വസിപ്പിച്ച പ്രതികൾ, യുവതിയെ മൂന്ന് മാസം ജോലി ചെയ്യിപ്പിച്ച ശേഷമാണ് പിരിച്ചുവിട്ടത്
തൃശൂര്‍: അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍. വലപ്പാട് സ്വദേശികളായ വാഴൂര്‍ വീട്ടില്‍ പ്രവീണ്‍ (56), രേഖ (45) എന്നിവരെയാണ് കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്. കയ്പമംഗലം കൂരിക്കുഴി സ്‌കൂളില്‍ അധ്യാപികയായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തില്‍ ആര്യാ മോഹന്‍ (31) ആണ് തട്ടിപ്പിനിരയായത്. കെ എ എം യു പി സ്‌കൂളിലെ എല്‍ പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികള്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ ഇന്റര്‍വ്യൂ നടത്തുകയും, ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബര്‍ 6 ന് 10 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. സ്‌കൂളില്‍ യഥാര്‍ഥത്തില്‍ ഒഴിവില്ലാതിരുന്നിട്ടും, പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്ന് മാസം സ്‌കൂളില്‍ ജോലി ചെയ്യിപ്പിച്ചു. തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
പത്ത് തട്ടിപ്പ് കേസുകൾ
തുടര്‍ന്നാണ് ആര്യ പൊലീസില്‍ പരാതി നല്‍കിയത്. പ്രവീണ്‍, രേഖ എന്നിവര്‍ കയ്പമംഗലം, വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി പത്ത് തട്ടിപ്പുക്കേസുകളില്‍ പ്രതികളാണ്. കൂടാതെ പ്രവീണ്‍ കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ സ്ത്രീക്ക് മാനഹാനി വരുത്തിയ ഒരു കേസിലും കൂടി പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പ്രസാദ് ടി വി, ജി എസ് ഐ മണികണ്ഠന്‍, ജി എ എസ് ഐ വിപിന്‍, പ്രിയ, സി പി ഒമാരായ ഡെന്‍സ് മോന്‍, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പയ്യോളിയിൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി എന്നതാണ്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തുക തട്ടിയത്. അനധികൃത സാമ്പത്തിക ഇടപാട് കണ്ടെത്തിയതിനാൽ അക്കൌണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇവരുടെ ഭീഷണിയിൽ ഭയന്നാണ് പ്രവാസി എസ്ബിഐ അക്കൌണ്ടിലുള്ള തട്ടിപ്പുകാരുടെ അക്കൌണ്ടിലേക്ക് മാറ്റിയത്. പണം കൈമാറിയിട്ടും ദിവസങ്ങളോളം ഭീഷണി തുടർന്നു. ഉദ്യോഗസ്ഥർ ചമഞ്ഞവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് പ്രവാസി പരാതി നൽകിയത്. റൂറൽ എസ്പിക്ക് ലഭിച്ച പരാതി സൈബർ ക്രൈം പൊലീസിന് കൈമാറി. സംഭവത്തിൽ സൈബർ ക്രൈം വിഭാഗം വിശദമായ അന്വേഷണം തുടങ്ങി.


