Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ്: 'സ്‌കൂൾ സാമഗ്രികൾ തകർത്താൽ കാശ് വാങ്ങിയ ശേഷം മാത്രം ടിസി'

എല്ലാ സ്‌കൂളുകളിലെയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

thrissur district education officer's warning to SSLC students joy
Author
First Published Mar 23, 2024, 10:51 PM IST

തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. മുന്‍ വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും ഫര്‍ണിച്ചര്‍, ഫാന്‍ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകള്‍ ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് 
വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

പൊലീസ് സംരക്ഷണവും സ്‌കൂള്‍ പരിസരത്ത് ഉണ്ടാകും. എല്ലാ സ്‌കൂളുകളിലെയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിത ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി സ്‌കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍, ചെലവ് മുഴുവന്‍ രക്ഷിതാവില്‍ നിന്നും ഈടാക്കി മാത്രമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍ അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററില്‍ നിന്ന് പരീക്ഷാ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇന്‍വിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന് ഉപയോഗിക്കരുതെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ താക്കീത് അവഗണിച്ച് ഹാളില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ച അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കും. പരീക്ഷ അവസാനിക്കുന്ന തിങ്കളാഴ്ചയും മൂന്ന് വ്യത്യസ്ത സ്‌ക്വാഡുകള്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉടനീളം ഉണ്ടാകുമെന്നും അന്‍സാര്‍ പറഞ്ഞു. 
 

'പഠിച്ചത് തായ്ക്വോണ്ടോ..'; തോക്കുമായി വീട്ടിലെത്തിയ യുവാക്കളെ തുരത്തിയോടിച്ച് വീട്ടമ്മയും മകളും 
 

Follow Us:
Download App:
  • android
  • ios