ശക്തമായ കാറ്റും മഴയും, 11 കെവി വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണു; കെഎസ്ഇബി-ഫയർ ഫോഴ്സ് പാഞ്ഞെത്തി, അപകടം ഒഴിവായി
ഫയർ റെസ്ക്യൂ ടീം ചെയിൻസോ ഉപയോഗിച്ച് തെങ്ങ് മുറിച്ചു മാറ്റിയതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്
തൃശൂർ: ശക്തമായ കാറ്റും മഴയും കാരണം തൃശൂർ പൂത്തോൾ അരണാട്ടുകരയിൽ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണെങ്കിലും അപകടം ഒഴിവായി. തെങ്ങ് റോഡിലെ 11 കെ വി വൈദ്യുതി ലൈനിൽ വീണ് അപകടകരമായ അവസ്ഥയിൽ ആയെങ്കിലും കെ എസ് ഇ ബിയും ഫയർ ഫോഴ്സും സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയ ശേഷം സ്കൈ ലിഫ്റ്റ് വാഹനത്തിൻ്റെ സഹായത്തോടെ ഫയർ റെസ്ക്യൂ ടീമാണ് അപകടം ഒഴിവാക്കിയത്. ഫയർ റെസ്ക്യൂ ടീം ചെയിൻസോ ഉപയോഗിച്ച് തെങ്ങ് മുറിച്ചു മാറ്റിയതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. രക്ഷാപ്രവർത്തനം നടത്തിയ ഫയർ ഫോഴ്സ് ടീം രക്ഷാപ്രവർത്തനത്തിൻ്റെ വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിട്ടുണ്ട്.
സംഭവത്തിൻ്റെ വീഡിയോ കാണാം
ഫയർ ഫോഴ്സിൻ്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
പൂത്തോൾ അരണാട്ടുകര സ്റ്റാർ ആർക്കേടിന് മുൻപിൽ സി കെ ദേവസി എന്നയാളുടെ വീട്ടുവളപ്പിൽ നിന്നിരുന്ന തെങ്ങ് ശക്തമായ മഴയും കാറ്റും മൂലം റോഡിലെ 11 kv വൈദ്യുതി ലൈനിൽ വീണ് അപകടകരമായ അവസ്ഥയിൽ ആവുകയും തുടർന്ന് തൃശ്ശൂർ നിലയത്തിലെ സീനിയർ നിലയത്തിലെ ഓഫീസർ ജ്യോതികുമാറിന്റെ നേതൃത്വത്തിൽ എമർജൻസി ഫയർ റെസ്ക്യൂ വാഹനത്തിൽ സംഭവ സ്ഥലത്ത് എത്തി തൃശ്ശൂർ കോർപറേഷൻ വൈദ്യുതി വിഭാഗവുമായി സഹകരിച്ചു TCEB യുടെ സ്കൈ ലിഫ്റ്റ് വാഹനത്തിന്റെ സഹായത്തോടെ ഫയർ റെസ്ക്യൂ ഓഫീസർ കെ ശിവദാസൻ ചെയിൻസോ ഉപയോഗിച്ച് തെങ്ങ് മുറിച്ചു മാറ്റി. രക്ഷാ പ്രവർത്തനങ്ങൾക്ക് ഫയർ റെസ്ക്യൂ ഓഫീസർമാരായ കെ രമേശ് , ശിവദാസൻ കെ , നവനീതകണ്ണൻ, ജിബിൻ ജെ , ഹോം ഗാർഡ് സി എം മുരളീധരൻ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം