രണ്ട് പവന്‍റെ സ്വർണാഭരണം തട്ടിയെടുത്തു

തൃശ്ശൂർ: തൃശ്ശൂരിൽ പട്ടിക്കാട് വീട്ടിൽ കയറി മോഷ്ടാവ് വയോധികയുടെ മാലയടക്കം കവർന്നു. വീടിനകത്ത് ടി വി കാണുമ്പോഴായിരുന്നു വയോധികയുടെ നേരെ മോഷ്ടാവിന്‍റെ ആക്രമണം ഉണ്ടായത്. ആരുമില്ലാത്ത തക്കം നോക്കി അകത്ത് കടന്ന മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയെന്നാണ് പരാതി. രണ്ട് പവന്‍റെ സ്വർണാഭരണം തട്ടിയെടുത്തു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താൻ പീച്ചി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊച്ചിയിൽ പട്ടാപ്പകൽ ഞെട്ടിക്കുന്ന മാലമോഷണം, രക്ഷപ്പെടാൻ പൊലീസിനെതിരെ ബിയർ കുപ്പി ആക്രമണം; പക്ഷേ വിട്ടില്ല

കൊച്ചിയിലും ഇന്ന് ഞെട്ടിക്കുന്ന മാലമോഷണം നടന്നിരുന്നു. കൊച്ചിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പൊലീസ് പിടികൂടി. തമിഴ്നാട്ടുകാരായ സായ് രാജ്, പോൾ കണ്ണൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. പിടികൂടുന്നതിനിടെ പ്രതികൾ പൊലീസിനെ ബിയർ കുപ്പികൾ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വിട്ടില്ല. പ്രതികളുടെ ബിയർ കുപ്പി ആക്രമണത്തിൽ പരുക്കേറ്റ രണ്ട് പൊലീസുകാർ ആശുപത്രിയിലായി. ട്രാഫിക് എസ് ഐ അരുൾ, എ എസ് ഐ റെജി എന്നിവർക്കാണ് പരുക്കേറ്റത്. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തിയായിരുന്നു കവർച്ച നടത്തിയത്. ചളിക്കവട്ടത്താണ് മോഷണം നടന്നത്. ഇതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതികൾ പൊലിസിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചത്.

YouTube video player

അതേസമയം കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുൾപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി എന്നതാണ്. ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ജില്ലാ പൊലീസ് മേധാവി ഡി ഐ ജി രാജ്പാൽ മീണ ഐ പി എസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം. വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും അതിൽ ഉൾപ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി വരികയുമായിരുന്നു. മോഷണസംഘത്തിലുൾപ്പെട്ടവരെല്ലാം തന്നെ പ്രായപൂർത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. കുട്ടികളെ ചോദ്യം ചെയ്തതിൽ പ്രധാനമായും സ്പ്ലെൻഡർ ബൈക്കുകളായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത് എന്ന് സമ്മതിച്ചു.

വാഹന മോഷണം പതിവ്, പ്രിയം സ്പ്ലെൻഡർ ബൈക്കുകൾ; കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ