നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം തൃശൂർ ജില്ലയിൽ നിന്ന് മൂന്ന് മാസത്തേക്ക് നാടുകടത്തി. കുന്നംകുളം പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി. പാറേമ്പാടം അഗതിയൂർ സ്വദേശിയായ ചിറ്റിലപ്പള്ളി വീട്ടിൽ കിരൺ ജാക്സനെ(28)യാണ് കുന്നംകുളം പൊലീസ് മൂന്ന് മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയത്. കുന്നംകുളം, മണ്ണുത്തി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ അടിപിടി ഉൾപ്പെടെയുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിയുടെ നിരന്തരമായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് കുന്നംകുളം പൊലീസ് തൃശൂർ റേഞ്ച് ഡി.ഐ.ജി നാരായണന് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് തൃശൂർ ജില്ലയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതിന് കിരൺ ജാക്സന് കർശന വിലക്കുണ്ടാകും. ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായാണ് ഇത്തരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.