തൃശ്ശൂർ സിറ്റി പൊലീസ് ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പൊലീസ് സ്റ്റേഷനാകുകയാണ് മണ്ണുത്തി പൊലീസ് സ്റ്റേഷൻ
തൃശ്ശൂർ: തൃശ്ശൂർ സിറ്റി പൊലീസിനു കീഴിലെ മണ്ണുത്തി പൊലീസ് സ്റ്റേഷന് ഐ എസ് ഒ (9001 : 2015) അംഗീകാരം. കേരളത്തിലെ എറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ പുരസ്കാരം നേടിയിട്ടുള്ള മണ്ണുത്തി പൊലീസ് സ്റ്റേഷന് ഇരട്ടി മധുരമാണ് ഇതിലൂടെ ലഭിക്കുന്നത്.
തൃശ്ശൂർ സിറ്റി പൊലീസ് ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പൊലീസ് സ്റ്റേഷനാകുകയാണ് മണ്ണുത്തി പൊലീസ് സ്റ്റേഷൻ. പൊതു ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മുൻനിർത്തിയാണ് പൊലീസ് സ്റ്റേഷനുകൾക്ക് ഐ എസ് ഒ സെർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഫലപ്രദമായ രീതിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തികളും, കുറ്റാന്വേഷണം, ക്രമസമാധാന പാലനം, പൊതുജന സമാധാനം ഉറപ്പുവരുത്തൽ, മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും, അത് കണ്ടെത്തി പിടികൂടുന്നതിനും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരയുള്ള നടപടികൾ സ്വീകരിക്കൽ എന്നിവക്ക് മണ്ണുത്തി പൊലീസ് സ്റ്റേഷൻ വളരെയധികം പ്രശംസ നേടിയിട്ടുണ്ട്.
ഇതിനു പുറമെ വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സൌകര്യങ്ങൾ, പൊതുജന സൌഹാർദ്ദ അന്തരീക്ഷം, ഗ്രീൻ പ്രോട്ടോകോൾ സംവിധാനം, ആകർഷവും സൌഹൃദപരവുമായ പൊലീസ് സ്റ്റേഷൻ പരിസരം, സ്റ്റേഷനിൽ ക്രമീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനം, ശുചീകരണ സംവിധാനം, പൊലീസ് സ്റ്റേഷൻ രേഖകളുടെ ഉചിതവും മാതൃകാപരവുമായ സംരക്ഷണവും, ശിശുസൌഹൃദ കേന്ദ്രം, ജനമൈത്രി പൊലീസ് പദ്ധതി, സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതി, സുരക്ഷാ മുൻകരുതൽ നടപടിക്രമങ്ങൾ, കേസന്വേഷണങ്ങളിൽ പ്രകടിപ്പിച്ച വൈദഗ്ദ്ധ്യം, പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ച് അന്വേഷണം നടത്തി തീർപ്പുകൽപ്പിക്കുന്നതിൽ കാണിച്ച ജാഗ്രത മുതലായവ വിലയിരുത്തിയാണ് ഐ എസ് ഒ 9001 സർട്ടിഫിക്കേഷൻ ലഭിച്ചത്.
ജനങ്ങളുടെ പരാതികൾക്ക് കാലതാമസം കൂടാതെയുള്ള പരിഹാരവും, സ്റ്റേഷനിൽ വരുന്ന എല്ലാവർക്കും ഇരിക്കാനും ആവശ്യത്തിന് വിശ്രമിക്കാനുമുള്ള സൌകര്യവും, വായന സൌകര്യം, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുമായുള്ള ആശയവിനിമയം, ട്രാഫിക് നിയന്ത്രണം, പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനുള്ള സ്ഥലസൌകര്യവും, തൊണ്ടി മുതലുകൾക്കു QR കോഡ് പതിപ്പിച്ചുകൊണ്ട് സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഐ എസ് ഒ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.
മൂന്നുമാസത്തിലധികമായി ISO അധികൃതർ പല തവണ സന്ദർശനം നടത്തി പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് മണ്ണുത്തി പൊലീസ് സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരമുള്ള ISO സർട്ടിഫൈഡ് പൊലീസ് സ്റ്റേഷൻ ആയി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. കേരളത്തിൽ അപൂർവ്വമായാണ് മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡും, ഐ എസ് ഒ സർട്ടിഫിക്കേഷനും ഒരു പൊലീസ് സ്റ്റേഷന് ലഭിക്കുന്നത്.
മണ്ണുത്തി സ്റ്റേഷന്റെ ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിച്ച റവന്യൂ വകുപ്പ് മന്ത്രിയും ഒല്ലുർ എം എൽ. എയുമായ കെ. രാജൻ, തൃശൂർ റേഞ്ച് ഡി ഐ ജി അക്ബർ ഐ പി എസ്, തൃശുർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ആദിത്യ ഐ പി എസ്, തൃശൂർ എ സി പി. വി കെ രാജു, ഒല്ലൂർ എ സി പി. കെ സി സേതു എന്നിവരുടെ പിന്തുണയും മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുദ്യോഗസ്ഥരുടേയും അത്മാർഥമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം മണ്ണുത്തി പൊലീസ് സ്റ്റേഷനു ലഭിച്ചതെന്ന് ഇൻസ്പെക്ടർ എം ശശിധരൻപിള്ള അറിയിച്ചു.
