പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന തൃശൂർ എംജി റോഡ് വികസനം ഭൂമി ഏറ്റെടുക്കലിൽ തട്ടി നിൽക്കുന്നു. കോടികൾ വിലമതിക്കുന്ന സ്ഥലം ഉടമകൾ സൗജന്യമായി നൽകണമെന്ന കോർപ്പറേഷൻ നിലപാടാണ് പ്രധാന തടസ്സം. വ്യാപാരികളുടെ പുനരധിവാസവും ഫണ്ടിന്റെ അപര്യാപ്തതയും പദ്ധതിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
തൃശൂർ: പതിറ്റാണ്ടുകളായുള്ള തൃശൂരിന്റെ കാത്തിരിപ്പാണ് എംജി റോഡ് വികസനം. പ്രഖ്യാപനങ്ങളും മാസ്റ്റർ പ്ലാനുകളും പലത് വന്നെങ്കിലും ഭൂമി ഏറ്റെടുക്കൽ എന്ന കടമ്പ കടക്കാൻ തൃശ്ശൂർ കോർപ്പറേഷന് ഇനിയും കഴിഞ്ഞിട്ടില്ല. കോടികൾ വിലയുള്ള സ്ഥലം ഉടമകൾ സൗജന്യമായി വിട്ടുനൽകണമെന്ന കടുംപിടുത്തത്തിലാണ് നിലവിലെ യുഡിഎഫ് ഭരണസമിതിയും. പടിഞ്ഞാറെക്കോട്ട മുതൽ നടുവിലാൽ വരെ നീളുന്ന ഒരു കിലോമീറ്റർ മാത്രമുള്ള ദൂരം, നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ്. വീതി കുറഞ്ഞ വഴിയിലൂടെ വാഹനങ്ങൾ തിങ്ങിനിറഞ്ഞ് നീങ്ങുന്നത് പതിവ് കാഴ്ചയും. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ വാഗ്ദാനങ്ങൾക്കും മാറിമാറി വരുന്ന കോർപ്പറേഷൻ ഭരണസമിതികളുടെ മാസ്റ്റർ പ്ലാൻ നിർമ്മാണത്തിനും അപ്പുറം എംജി റോഡിൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
പടിഞ്ഞാറെ കോട്ട മുതൽ പാറയിൽ ജംഗ്ഷൻ വരെ 25 മീറ്റർ വീതിയിലും പാറയിൽ ജംഗ്ഷൻ മുതൽ സ്വരാജ് റൗണ്ട് വരെ 21 മീറ്റർ വീതിയിലും എംജി റോഡ് വികസിപ്പിക്കാനാണ് പുതിയ ഭരണസമിതിയുടെ പദ്ധതി. ഇതിനായി 152 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. വില നൽകി ഭൂമി ഏറ്റെടുക്കാൻ ആയിരുന്നു കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനം. എന്നാൽ ഭൂവുടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽക്കാൻ തയ്യാറാകണം എന്നാണ് പുതിയ ഭരണസമിതിയുടെ നിലപാട്. വൻ തുക നൽകി ഭൂമി ഏറ്റെടുത്ത് പദ്ധതിയുമായി മുന്നോട്ടുപോകാൻ ആകില്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കുന്നു.
സെന്റിന് 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വില വരുന്ന സ്ഥലം ഭൂവടമകൾ വിട്ടു നൽകാൻ തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. ഒപ്പം കടകൾ പൂർണ്ണമായും പൊളിച്ചു മാറ്റേണ്ടി വരുന്ന വ്യാപാരികളുടെ പുനരധിവാസത്തിൽ കാര്യത്തിൽ ധാരണയിൽ എത്തണം. ഇതിനുപുറമേ, എം.ജി റോഡിലെ കോട്ടപ്പുറം റെയിൽവേ മേൽപ്പാലം വികസിപ്പിക്കുന്നതിനായി റെയിൽവേയുമായി നടത്തേണ്ട ചർച്ചകൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല. ആദ്യഘട്ട വികസനത്തിനായി രണ്ടുകോടി രൂപ മാത്രമാണ് നിലവിൽ കോർപ്പറേഷൻ മാറ്റി വെച്ചിട്ടുള്ളത്.
പണം മുടക്കാതെ എംജി റോഡ് വികസനം സാധ്യമല്ലെന്ന് പ്രതിപക്ഷം പറയുന്നു. പ്രായോഗികമായ പദ്ധതികളുമായി കോർപ്പറേഷൻ മുന്നോട്ടുപോയില്ലെങ്കിൽ ഇത്തവണയും ഈ വികസന സ്വപ്നം ഫയലുകളിൽ ഒതുങ്ങാനാണ് സാധ്യത.
