ചായ കുടിച്ച ശേഷം പണം നല്‍കാനായി ക്യാഷ് കൗണ്ടറില്‍ എത്തിയ സന്തോഷ് പണം ചില്ലറയായാണ് നല്‍കിയത്. കൗണ്ടറില്‍ ഇരുന്ന ആള്‍ ഇത് എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് മോഷണം നടന്നത്.

കോഴിക്കോട്: ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിലെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ച് കടന്നുകളയുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയില്‍. തൃശ്ശൂര്‍ ചാഴുര്‍ സ്വദേശി തേക്കിനിയേടത്ത് സന്തോഷ് കുമാറിനെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കീഴിലുള്ള സ്‌ക്വാഡും നല്ലളം പൊലീസും ചേര്‍ന്ന് പിടികൂടിയത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന പണം അടങ്ങിയ നേര്‍ച്ചപെട്ടി മോഷ്ടിച്ച കേസിലാണ് നടപടി. കഴിഞ്ഞ മാസം 23ന് രാവിലെയാണ് ഇയാള്‍ ഹോട്ടലില്‍ കയറിയത്. ചായ കുടിച്ച ശേഷം പണം നല്‍കാനായി ക്യാഷ് കൗണ്ടറില്‍ എത്തിയ സന്തോഷ് പണം ചില്ലറയായാണ് നല്‍കിയത്. കൗണ്ടറില്‍ ഇരുന്ന ആള്‍ ഇത് എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അവിടെയുണ്ടായിരുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണം അടങ്ങിയ പെട്ടി കൈക്കലാക്കി ഇവിടെ നിന്നും കടന്നുകളഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിവിധ ജില്ലകളിലായി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതായി മനസ്സിലാവുകയായിരുന്നു. കഴിഞ്ഞ മാസം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുത്തൂര്‍മഠത്തുള്ള ബിന്ദു ഹോട്ടലിലും പ്രതി സമാന രീതിയില്‍ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.