മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കൊടുങ്ങല്ലൂര്‍ സ്വദേശി ഷൈനിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി.
തൃശൂര്‍: മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി. കൊടുങ്ങല്ലൂര്‍ കുന്നംകുളം മേത്തല വെണ്ണാട്ടു വീട്ടില്‍ ഷൈനെയാണ് പി.ഐ.ടി എന്‍.ഡി.പി.എസ് നിയമ പ്രകാരം ഒരു വര്‍ഷം തടങ്കലിലാക്കിയത്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പുതുക്കാട് വെച്ച് മയക്കുമരുന്നുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
2022ല്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 1.830 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലും, 2026 ഏപ്രിലില്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപത്തുനിന്നും 90.200 ഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടിയ കേസിലും ഷൈന്‍ പ്രതിയാണ്. പുതുക്കാട് കേസില്‍ അറസ്റ്റിലായി ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ജയിലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. പുതുക്കാട് എസ്.എച്ച്.ഒ. ആര്‍. രാജേഷ്, ഗ്രേഡ് സീനിയര്‍ സി.പി.ഒ. ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.


