വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയ സംഭവത്തിൽ കുതിരയുടെ ഉടമയ്ക്കെതിരെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

മാനന്തവാടി: പ്രവര്‍ത്തി ദിനത്തിൽ മുന്നറിയിപ്പില്ലാതെ സ്‌കൂള്‍ ഗ്രൗണ്ടില്‍ കുതിരയുമായെത്തി വിദ്യാര്‍ഥികളെ ഭീതിയിലാക്കിയ സംഭവത്തിൽ കുതിരയുടെ ഉടമക്കെതിരെ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാനന്തവാടി ജി.വി.എച്ച്.എസ്എസിന്റെ മൈതാനത്തേക്ക് അനധികൃതമായി പ്രവേശിപ്പിച്ച കുതിരയെ ഒരു തരത്തിലുള്ള സുരക്ഷ മുന്‍കരുതലുകളും എടുക്കാതെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പേടിച്ചുപോയ കുതിര പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കുട്ടികള്‍ കായിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഗ്രൗണ്ടിലേക്ക് കുതിര എത്തിയത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കുതിര ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ ഓടിയടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ തന്നെ ചിലര്‍ പകര്‍ത്തിയതാണിത്. തലനാരിഴയ്ക്കാണ് കുട്ടികള്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ തന്നെ ഇത്തരത്തിലുള്ള അനധികൃതമായ നടപടികള്‍ ചിലരില്‍ നിന്ന് ഉണ്ടാകുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌കൂളിന് സുരക്ഷാമതില്‍ നിര്‍മിക്കുന്നതിനുള്‍പ്പെടെയുള്ള നടപടികള്‍ക്കായി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് എന്‍.ജെ ഷജിത്ത് പറഞ്ഞു. അതേ സമയം കുതിരയുടെ ഉടമക്കെതിരെയുള്ള പരാതി പോലീസിന് കൈമാറിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തി സ്‌കൂള്‍ കോമ്പൗണ്ടില്‍ അനധികൃതമായി കുതിരയുമായി പ്രവേശിച്ച് അപകടഭീതി സൃഷ്ടിച്ചവര്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും നിയമപരമായ നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം