കഴിഞ്ഞ 23 കൊല്ലമായി ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാരുടെ വലം കൈയ്യായി ഈ നിറചിരിയുണ്ടായിരുന്നു.
തൃശൂർ: ഇലഞ്ഞിത്തറയില്‍ മേളം പൂക്കുമ്പോൾ ഇക്കുറി ഒരു അസാന്നിധ്യം പൂരപ്രേമികളറിയും. കഴിഞ്ഞ 23 കൊല്ലമായി പെരുവനം കുട്ടൻമാരാരെന്ന വന്മരത്തിന് താങ്ങും വലം കൈയ്യുമായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാർ. പ്രായം 80 ആയി. എന്നാലിനി പൂരത്തിനില്ലെന്ന് ദേവസ്വത്തെ അറിയിക്കുകയായിരുന്നു മാരാർ.
കഴിഞ്ഞ 23 കൊല്ലമായി ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാരുടെ വലം കൈയ്യായി ഈ നിറചിരിയുണ്ടായിരുന്നു. വന്‍മരങ്ങളുടെ തണലായി മാത്രം കൊട്ടിക്കയറിയ കേളത്ത് അരവിന്ദാക്ഷ മാരാര്‍ പതിനാറാം വയസ്സില്‍ അച്ഛനുമൊന്നിച്ച് തുടങ്ങിയതാണ് തൃശൂര്‍ പൂര യാത്ര. അന്നത്തെ പ്രതിഫലം പത്തു രൂപയായിരുന്നു.
അച്ഛന്‍ മാക്കോത്ത് ശങ്കരന്‍ കുട്ടിമാരാരായിരുന്നു ഗുരു. മേളത്തിലും പഞ്ചവാദ്യത്തിലും അച്ഛനെപ്പോലെ മകനും അസാമാന്യ വഴക്കമുണ്ട്. മേളകുലപതികളെല്ലാം ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട് കേളത്തിനെ. കിഴക്കൂട്ട് അനിയന്‍മാരാര്‍ക്കും പെരുവനം കുട്ടന്മാരാര്‍ക്കും വിശ്വസിക്കാവുന്ന കരുത്തായിരുന്നു കേളത്ത്. ഒരുകൊല്ലം ഇലഞ്ഞിത്തറ മേളത്തിനിടെ പെരുവനം കുറച്ചു സമയം മാറി നിന്നപ്പോള്‍ കേളത്തായിരുന്നു മേളം നയിച്ചത്. അന്നത്തെ നിയോഗമൊഴിച്ചാല്‍ പ്രമാണിയാവാന്‍ മോഹിച്ചിട്ടേയില്ല അരവിന്ദാക്ഷ മാരാർ.
തിരുവമ്പാടിക്കായി ഒമ്പത് കൊല്ലം കൊട്ടിയിട്ടുണ്ട് അരവിന്ദാക്ഷ മാരാര്‍. പാറമേക്കാവിനായി പതിമൂന്നു കൊല്ലം ആദ്യവും ഇടവേളയെടുത്ത് 23 കൊല്ലം തുടര്‍ച്ചയായും കൊട്ടിയാണവസാനിപ്പിക്കുന്നത്. ഇലഞ്ഞിത്തറയില്‍ പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കുന്ന കേളത്ത് ഒരഴകായിരുന്നു.
