തിരുവനന്തപുരത്ത് പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയ റെസിഡൻസ് അസോസിയേഷനെതിരെ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടപടി 

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളിയ റെസിഡൻസ് അസോസിയേഷനെതിരെ നടപടിയുമായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും. ഇരുമ്പ-കാച്ചാണി റോഡിൽ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്താണ് കഴിഞ്ഞ ദിവസം മാലിന്യം കണ്ടെത്തിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാലിന്യകൂമ്പാരത്തിൽ നിന്ന് റെസിഡൻസ് അസോസിയേഷൻ്റെ സമ്മാനകൂപ്പൺ കണ്ടെത്തുകയായിരുന്നു. ഇതോടെ അസോസിയേഷൻ ഭാരവാഹികളെ വിളിച്ചുവരുത്തി പിഴയടയ്ക്കാൻ നിർദേശം നൽകി. ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പഞ്ചായത്ത് അസി. സെക്രട്ടറി രേണുക, ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനു, പ്രസാദ്, സുനിൽ, രമ്യ എന്നിവർ സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഗ്രാമങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് സമീപകാലത്ത് വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.