തുടർച്ചയായി മൂന്നു ദിവസം ശുദ്ധജലം മുടങ്ങിയതിനെ കുറിച്ച് ജല അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

തിരുവനന്തപുരം: ദിവസേന നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ചികിത്സ തേടിയെത്തുന്ന തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ശുദ്ധജലം മുടങ്ങി രോഗികൾ ദുരിതം അനുഭവിക്കുന്ന സംഭവത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തുടർച്ചയായി മൂന്നു ദിവസം ശുദ്ധജലം മുടങ്ങിയതിനെ കുറിച്ച് ജല അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കുടിവെള്ള വിതരണം പഴയപടി പുനസ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 

അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രി സന്ദർശിക്കണം. ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം കമ്മീഷനിൽ സമർപ്പിക്കണം.ആശുപത്രിയിൽ സംഭരിക്കാൻ കഴിയുന്ന കുടിവെള്ളത്തിന്റെ വിശദാംശങ്ങൾ ഡിഎംഒയും ആശുപത്രി സൂപ്രണ്ട് സമർപ്പിക്കണം. സെപ്റ്റംബർ 11 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ അസി.എക്സിക്യൂട്ടിവ് എഞ്ചിനീയറും ഡിഎംഒയുടെയും ആശുപത്രി സുപ്രണ്ടിന്‍റെയും പ്രതിനിധികളും ഹാജരാകണമെന്നും കമ്മീഷൻ നിർദേശിച്ചു. 

മൂന്ന് ദിവസങ്ങളായി വെള്ളമില്ലാതായതോടെ അമ്മമാരും കുഞ്ഞുങ്ങളും കുടിവെള്ളമില്ലാതെ വലയുകയായിരുന്നു. അഞ്ച്, ആറ് വാർഡുകളിലും ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റൂം എന്നിവിടങ്ങളിലും വെള്ളമുണ്ടായിരുന്നില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടി. വെള്ളയമ്പലം - ശാസ്തമംഗലം റോഡിൽ 700 എം.എം പൈപ്പിലുണ്ടായ ചോർച്ചയെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. 

പെട്ടെന്ന് വെള്ളം കിട്ടാതായതോടെ ആശുപത്രി അധികൃതർ വാട്ടർ അതോറിറ്റി അധികൃതരെ കാര്യമറിയിച്ചു. തുടർന്ന് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചെങ്കിലും ആശുപത്രിയുടെ മൊത്തത്തിലുള്ള പ്രശ്നത്തിന് പരിഹാരമായില്ല. ഗർഭിണികളെ കിടത്തിയിരുന്ന വാർഡുകളിലുള്ളവർ പോലും കഴിഞ്ഞ രണ്ട് ദിവസം വല്ലാതെ ബുദ്ധിമുട്ടി. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിൽ വെള്ളം പൂർണമായും നിലച്ചിരുന്നു. നിലവിൽ ജലവിതരണം തുടങ്ങിയെങ്കിലും രോഗികളുടെ പരാതി വ്യാപകമായതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടായത്.