മണ്ണ് മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; 7 പേർക്ക് സസ്പെൻഷൻ, 10 പേരെ സ്ഥലംമാറ്റി
നിരവധി പരാതികൾ ഉയർന്നതോടെ എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണ്ണ് മാഫിയയും പോലീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു.

കൊച്ചി: മണ്ണ് മാഫിയയുമായി ബന്ധമുള്ള പോലീസുകാർക്കെതിരെ നടപടി. ഏഴു പോലീസ് ഉദ്യോഗസ്ഥരെ എറണാകുളം റൂറൽ എസ്പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. പോലീസ് ഉദ്യോഗസ്ഥരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും മണ്ണ് മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടർന്നാണ് നടപടി. നിരവധി പരാതികൾ ഉയർന്നതോടെ എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണ്ണ് മാഫിയയും പോലീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.