Asianet News Malayalam

വീട്ടില്‍ കയറിച്ച് അക്രമിച്ച് കടുവ; ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴക്കെന്ന് സാലിതയും മൃദുനും

ലൈറ്റ് തെളിച്ചതോടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കൊളുത്ത് ഇളകി പാതിതുറന്ന വാതിലിലൂടെ അകത്ത് കയറാന്‍ ശ്രമിക്കുകയാണ് ഒരു കടുവ. 

tiger attack family in wayanad
Author
Wayanad, First Published Feb 11, 2021, 11:45 AM IST
  • Facebook
  • Twitter
  • Whatsapp

കല്‍പ്പറ്റ: പുറത്തിറങ്ങിയാല്‍ ഏതെങ്കിലും വന്യജീവികളുടെ മുന്നില്‍പ്പെടുമെന്ന അവസ്ഥയാണ് വയനാട്ടില്‍ കാടോരങ്ങളില്‍ താമസിക്കുന്നവരുടെ ദുരവസ്ഥ. നേരം ഇരുട്ടുന്നതിന് മുമ്പേ വീടണയുന്നതാകട്ടെ ഈയൊരു പേടി കൊണ്ട് മാത്രമാണ്. എത്ര ദൂരെ പോയാലും ആറുമണിക്ക് മുമ്പെങ്കിലും തിരികെ വീടെത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നതാണ് ഇവിടങ്ങളിലെ അവസ്ഥ. എന്നാല്‍ വന്യജീവികള്‍ കാരണം വീട്ടിനുള്ളിലും രക്ഷയില്ലെന്ന് വന്നാലോ? അത്തരം ഒരു സംഭവമാണ് ഇന്നലെ രാത്രിയില്‍ മാനന്തവാടിക്ക് സമീപമുള്ള തിരുനെല്ലിയിലുണ്ടായത്. ഈ സംഭവത്തിന് ശേഷം പ്രദേശം മുഴുവന്‍ ഭീതിയിലാണ്.

രാത്രി പതിനൊന്ന് മണിയോടെ വീടിന് പുറത്ത് ശബ്ദം കേട്ടതാണ് സംഭവങ്ങളുടെ തുടക്കം. സാധാരണ ശബ്ദങ്ങളൊന്നും അല്ലാത്തതിനാല്‍ ഇരുവര്‍ക്കും സംശയം തോന്നി പുറത്തിറങ്ങി. ലൈറ്റ് തെളിച്ച് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. തിരികെ വീട്ടില്‍ കയറിയെങ്കിലും അരമണിക്കൂറായില്ല അതാ വീണ്ടും ശബ്ദമുണ്ടാക്കുന്നുണ്ട്. തെല്ല് ഭീതിയോടെ 42 കാരിയായ സാലിതയും സോഹദരി പുത്രനായ മൃദുനും എഴുന്നേറ്റപ്പോള്‍ മുന്‍വാതില്‍ പാതി തുറന്ന് കിടക്കുന്നത് പോലെ തോന്നി. 

ലൈറ്റ് തെളിച്ചതോടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കൊളുത്ത് ഇളകി പാതിതുറന്ന വാതിലിലൂടെ അകത്ത് കയറാന്‍ ശ്രമിക്കുകയാണ് ഒരു കടുവ. ഒച്ച വെച്ച് ആദ്യം കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കടുവയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അപ്രതീക്ഷിതമായ പ്രതിരോധത്തില്‍ കടുവ തെല്ലൊന്ന് പിന്‍മാറിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ധൈര്യം വിടാതെ പ്ലൈവുഡ് നിര്‍മ്മിത വാതില്‍ തള്ളിപ്പിടിച്ചു. ആദ്യം ബലംപ്രയോഗിച്ച കടുവ നിമിഷങ്ങള്‍ക്കകം പിന്‍മാറി. 

ആ സമയം മനോധൈര്യത്തോടെ പിടിച്ചു നിന്നില്ലായിരുന്നുവെങ്കില്‍ കഥ മറ്റൊന്നായേനെ എന്നാണ് ഇരുവരും പറയുന്നത്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നതാണ് സാലിത പറഞ്ഞു. സാലിതയുടെ സഹോദരി പുത്രനാണ് 22 കാരനായ മുദുന്‍. ആദ്യ ആക്രമണത്തില്‍ തന്നെ വാതിലിന്റെ കൊളുത്ത് തകര്‍ന്നതോടെയാണ് കടുവ അകത്തുവരാന്‍ ശ്രമിച്ചത്. 

വാതില്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. കടുവ പരിസരം വിട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാര്‍ഡ് അംഗം പി.എന്‍. ഹരീന്ദ്രനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് വിവിധയിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് വനംഉദ്യോഗസ്ഥര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios