കല്‍പ്പറ്റ: ചീയമ്പം 73ല്‍ കടുവ വീണ്ടും വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതോടെ കടുത്ത പ്രതിഷേധത്തിലാണ് ജനം. 73 കോളനിയിലെ ബൊമ്മന്‍ എന്നയാളുടെ രണ്ട് ആടുകളെയാണ് ഇവര്‍ നോക്കി നില്‍ക്കെ കടുവ വകവരുത്തിയത്. വന്യജീവി ആക്രമണം പതിവാകുമ്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ആടുകളുടെ ജഡവുമായി പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.

പുല്‍പ്പള്ളി മേഖലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളും റോഡുകള്‍ അടക്കമുള്ള യാത്രമാര്‍ഗ്ഗങ്ങളും കടുവകളുടെ വിഹാര കേന്ദ്രമായതായാണ് നാട്ടുകാരുടെ പരാതി. ഏത് സമയവും ജനങ്ങളുടെ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിലാണ് ഈ മേഖലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

ബൊമ്മന്റെ രണ്ട് ആടുകളെ മുമ്പും കടുവ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരമാണെന്നും കൂട് സ്ഥാപിച്ച് പിടികൂടണമെന്നും നാട്ടുകാര്‍ പലവട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂട് സ്ഥാപിക്കാന്‍ വിമുഖത കാട്ടുന്നത്് ആളുകളുടെ ജീവന് പോലും ഭീഷണി ആയി മാറിയിരിക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

പാതിരി എന്ന സ്ഥലത്ത് മേയാന്‍വിട്ട പശുവിനെയും ഇന്നലെ കടുവ കൊന്നു. കരിമ്പിന്‍കൊല്ലിയില്‍ രതിയുടെ രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ വകവരുത്തിയത്. പശുവിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ ആളുകള്‍ ബഹളംവെച്ചതോടെ കടുവ വനത്തിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു.

കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്ന് ജോലികഴിഞ്ഞ് മടങ്ങുന്ന ബാങ്ക് ജീവനക്കാരി കടുവക്ക് മുമ്പിലകപ്പെട്ടിരുന്നു. തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്. ഇവരുടെ സ്‌കൂട്ടറിന് പിന്നാലെ എത്തിയ ട്രാവലര്‍ ഡ്രൈവര്‍ അവസരോചിതമായി സ്‌കൂട്ടറിനും കടുവക്കും നടുവിലായി വാഹനം കൊണ്ടുവന്ന് നിര്‍ത്തുകയായിരുന്നു. ബത്തേരി-പുല്‍പ്പള്ളി റൂട്ടിലായിരുന്നു സംഭവം. 

ഇതേ റൂട്ടില്‍ വട്ടപ്പാടിയില്‍  വെച്ചാണ് ബൈക്ക് യാത്രികരായ വനംവാച്ചര്‍മാരുടെ പിന്നാലെ കടുവ അലറിയടുത്തത്. ബൈക്കിന് പിന്നാലെ ഓടുന്ന കടുവയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളിയിലേക്ക് പോകുമ്പോള്‍ ആറാംമൈല്‍ പിന്നിട്ടാല്‍ കടുവയുടെ ആക്രമണം ഭയക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

പുല്‍പ്പള്ളി മേഖലയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കടുവയുടെ മുമ്പിലകപ്പെട്ട് തലനാരിഴക്ക് രക്ഷപ്പെട്ടിട്ടുമുണ്ട്. മാനന്തവാടി മേഖലയിലും കടുവകള്‍ ജനവാസമേഖലകളിലേക്ക് എത്തുന്നുണ്ട്. മാസങ്ങള്‍ മുമ്പ് കാട്ടിക്കുളം അമ്മാനി കോണവയല്‍ കരിമ്പനക്കല്‍ അപ്പച്ചന്റെ വീട്ടിലെ പശുവിനെ തൊഴുത്തില്‍ കയറി കടുവ ആക്രമിച്ചിരുന്നു. രാവിലെ ആറ് മണിയോടെ ഗൃഹനാഥന്‍ കറവക്കായി എത്തിയപ്പോഴായിരുന്നു ആക്രമണം. 

ഈ സമയം തൊട്ടടുത്ത് തന്നെ അപ്പച്ചന്‍ ഉണ്ടായിരുന്നു. ഭയന്ന് വിറച്ച ഇദ്ദേഹം കയ്യിലിരുന്ന ചൂല് കൊണ്ട് കടുവയെ അടിച്ചു. തുടര്‍ന്ന് തൊഴുത്തിന്റെ ഭിത്തി പൊളിച്ച് കടുവ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ജനവാസമേഖകളില്‍ വന്യജീവി ആക്രമണം തുടര്‍ന്നാല്‍ കനത്ത പ്രതിഷേധം വനംവകുപ്പിനെതിരെ ഉയര്‍ന്നേക്കും.