Asianet News MalayalamAsianet News Malayalam

'ഗർഭിണിയായ പശുവിനെ കടിച്ച് വലിച്ചിഴച്ചു, ടോർച്ച് തെളിച്ചിട്ടും വിട്ടില്ല': വാകേരിയിൽ ഭീതിവിതച്ച് നരഭോജി കടുവ

പശുക്കളും ആടും കൂട്ടത്തോടെ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോള്‍ കടുവ ഒരു പശുവിന്റെ കാലില്‍ പിടിച്ച് പറമ്പിന്റെ താഴ്ഭാഗത്തേക്ക് വലിച്ചു കൊണ്ടു പോകുന്നതാണ് കണ്ടത്.

tiger attacked pregnant cow vakeri wayanad SSM
Author
First Published Dec 17, 2023, 12:16 PM IST

സുല്‍ത്താന്‍ബത്തേരി: ഭീതി വിതച്ച് നരഭോജി കടുവ വാകേരി കല്ലൂര്‍ക്കുന്നിലും എത്തി. വാകേരി കല്ലൂര്‍ക്കുന്ന് ഞാറ്റടി വാകയില്‍ സന്തോഷിന്റെ വീട്ടിലെ ഗര്‍ഭിണിയായ പശുവിനെയാണ് ഇന്നലെ രാത്രി കടുവ ആക്രമിച്ച് കൊന്നത്.

"രാത്രി പതിനൊന്നരയോടെയാണ് കടുവ എത്തിയത്.  പശുവിന്റെ കാലില്‍ കടിച്ച് വലിച്ചിഴക്കുന്നത് ഞങ്ങള്‍ കണ്ടു. ടോര്‍ച്ച് തെളിച്ചിട്ടും ബഹളം വെച്ചിട്ടും പേടിയില്ലായിരുന്നു"-സന്തോഷ് പറഞ്ഞു. പശുക്കളും ആടും കൂട്ടത്തോടെ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോള്‍ കടുവ ഒരു പശുവിന്റെ കാലില്‍ പിടിച്ച് പറമ്പിന്റെ താഴ്ഭാഗത്തേക്ക് വലിച്ചു കൊണ്ടു പോകുന്നതാണ് കണ്ടത്. അയല്‍വാസികള്‍ കൂടിയെത്തി ബഹളം വച്ചതോടെയാണ് പശുവിനെ ഉപേക്ഷിച്ച് കടുവ ഇരുട്ടിലേക്ക് മറഞ്ഞതെന്നും സന്തോഷ് പറഞ്ഞു

വിവരമറിഞ്ഞ് രാത്രിയില്‍ തന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. ഇന്ന് രാവിലെ വനം  വകുപ്പിന്റെ ദ്രുത കര്‍മ്മ സേനയും പരിശോധനക്കായി എത്തി. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കല്ലൂര്‍ക്കുന്നില്‍ രണ്ടാം തവണയും കടുവ എത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ നാല് കൂടുകളാണ് പ്രദേശത്തുള്ളത്. ഇതിന് പുറമെ ബേഗൂരില്‍ നിന്ന് പുതിയ കൂട് എത്തിക്കാനാണ് നീക്കം. കഴിഞ്ഞ 

ദിവസം ഞാറ്റടിയിലെ വയലില്‍ ഇറങ്ങിയ കടുവ മറ്റൊന്നാണ് എന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാകയില്‍ സന്തോഷിന്റെ വീട്ടിലെത്തിയത് നരഭോജി കടുവയാണെന്നാണ് വനം വകുപ്പ് അറിയിച്ചത്. എന്തായാലും കല്ലൂര്‍ക്കുന്ന് ഞാറ്റടി വയലില്‍ നിന്നും സന്തോഷിന്റെ വീടിന് സമീപത്ത് നിന്നും ലഭിച്ച കാല്‍പ്പാടുകള്‍ വിശദമായി പരിശോധിക്കുകയാണ് വനം വകുപ്പ്.

കാടിനുള്ളില്‍ കഴിയേണ്ട മൃഗങ്ങളെല്ലാം നാട്ടില്‍ എത്തിയെന്നും പന്നി, മാന്‍, മയില്‍ തുടങ്ങിയവ കാരണം കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വന്ന അവസ്ഥയിലാണ് തങ്ങളെന്നും വാകേരിക്കാര്‍ പറയുന്നു. കൃഷിഭൂമി തരിശിടേണ്ട ഗതികേടില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാനാണ് പശുവിനെയും ആടുകളെയും വളര്‍ത്തുന്നത്. എന്നാല്‍ കടുവ നാട്ടില്‍ താവളമുറപ്പിക്കുന്നതോടെ ആക്രമണഭീതിയിലാണ് ജനങ്ങള്‍ കഴിയുന്നത്. വൈകുന്നേരം ആറു മണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് വാകേരി മേഖലയില്‍ ഉണ്ടായിരിക്കുന്നത്. വിശാലമായ കാപ്പിത്തോട്ടങ്ങളില്‍ തമ്പടിക്കുന്ന കടുവ ഏതുസമയവും വളര്‍ത്തുമൃഗങ്ങളെ തേടിയെത്തും എന്നതാണ് അവസ്ഥ. ഇതിനിടയില്‍ മനുഷ്യരെങ്ങാനും  മുമ്പില്‍ പെട്ടാല്‍ ആക്രമിക്കപ്പെടുമെന്നും ഇവര്‍ പറയുന്നു. 

ഇന്നലെ പശുവിനെ പിടിക്കുന്നതിനിടെ അത്രയും പേര്‍ ബഹളം വെച്ചിട്ടും കടുവ ഓടിപ്പോകാതിരുന്നത് അവയ്ക്ക് നാട് പരിചിതമായി എന്നതിന്റെ സൂചനയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മക്കളെ സ്‌കൂളിലേക്കയക്കാനും തങ്ങള്‍ക്ക് ജോലിക്കുപോകാനുമൊന്നും കഴിയാത്ത സ്ഥിതിയില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ കൂടി ഇല്ലാതാക്കുകയാണ് വന്യമൃഗങ്ങള്‍. ജോലിക്കും മറ്റുമൊക്കെ പുറത്തുപോയി വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമോ എന്ന ആശങ്ക ഓരോ ദിവസവും കൂടിവരികയാണ് വാകേരിയിലുള്ളവര്‍ക്ക്. 

അതിനിടെ പ്രജീഷ് എന്ന ക്ഷീര കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ തിരച്ചില്‍ തുടങ്ങി എട്ടാം ദിവസത്തിലേക്ക് കടന്നിട്ടും വെടിവെച്ചു കൊല്ലാനോ പിടികൂടാനോ വനം വകുപ്പിന് കഴിയുന്നില്ലെന്ന് ജനങ്ങള്‍ രോഷത്തോടെ പ്രതികരിച്ചു. ഇത്രയും ദിവസം ചിലവഴിച്ച പണത്തിന്റെ ഒരംശം തന്നാല്‍ നാട്ടുകാര്‍ ഇറങ്ങി കടുവയെ കണ്ടെത്താമെന്നും ഇവര്‍ പറയുന്നു. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്നും കല്ലൂര്‍ കുന്നിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഇന്നലെ രാത്രി നടന്ന സംഭവത്തോടെ ദൗത്യസംഘത്തിന്റെ തിരച്ചില്‍ കല്ലൂര്‍ക്കുന്നിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ തിരച്ചിലിനായി ഇന്ന് എത്തും. നിലവില്‍ എണ്‍പതംഗ ദൗത്യസംഘം നാല് ടീമുകളായി തിരിഞ്ഞാണ് പരിശോധന. വിക്രം, ഭരത് എന്നീ രണ്ട് കുംകിയാനകളെയും ദൗത്യത്തിനായി എത്തിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios