ഒരു നായയെ ഭക്ഷിച്ച ശേഷമാണ് രണ്ടാമത്തെതിനെ കടുവ കടിച്ചെടുത്തു കൊണ്ടുപോയതെന്ന് തോട്ടം ഉടമ
മലപ്പുറം: മലപ്പുറത്തെ കരുവാരകുണ്ടിലെ മലയോര മേഖലയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് തോട്ടം തൊഴിലാളികള്‍. കൽക്കുണ്ട് ഭാഗത്തിറങ്ങിയ കടുവ രണ്ട് കാവൽ നായകളെ കൊന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
സി പി ഷൗക്കത്തലി എന്നയാള്‍ തോട്ടം മേഖലയുടെ കാവലിനായി വളർത്തിയ നായകളെയാണ് കടുവ പിടിച്ചത്. കടുവ നായയെ കടിച്ചെടുത്തു പോകുന്നത് താന്‍ കണ്ടെന്ന് തോട്ടം തൊഴിലാളി പറഞ്ഞു. വനപാലകരെ വിവരം അറിയിച്ചെങ്കിലും അധികൃതർ സ്ഥലം സന്ദർശിച്ചിട്ടില്ല. വാഹന സൗകര്യമില്ലാത്തതിനാൽ വരാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതായി തോട്ടം ഉടമ പറഞ്ഞു. പരിസരത്ത് കടുവയുടേത് സംശയിക്കുന്ന കാൽപ്പാടുകള്‍ കണ്ടെത്തി.
ഒരു നായയെ ഭക്ഷിച്ച ശേഷമാണ് രണ്ടാമത്തെതിനെ കടുവ കടിച്ചെടുത്തു കൊണ്ടുപോയതെന്ന് തോട്ടം ഉടമ പറഞ്ഞു. കൽക്കുണ്ട് മലയോരത്ത് പല ഭാഗങ്ങളിലും മുൻപ് കടുവയുടെ ആക്രമണം നടന്നിരുന്നു. പന്നികളെ കടുവ കടിച്ചുതിന്ന സംഭവമുണ്ടായി. കാളികാവ് പഞ്ചായത്തിൽ ഒരു വർഷത്തിനുള്ളിൽ ആട്, പോത്ത് തുടങ്ങിയ നാൽപതിലേറെ ജീവികളെ കടുവ പിടിച്ചു.
ജനവാസ കേന്ദ്രങ്ങളുടെ സമീപത്തുവരെ കടുവ എത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികൾ വന്യജീവി ആക്രമണ ഭീതിയിലാണ്. കൽക്കുണ്ട്, ചേരി, ചേരിപ്പടി, കേരള എസ്റ്റേറ്റ്, കുണ്ടോട, കരിങ്കത്തോണി, പാന്തറ ഭാഗങ്ങളിലെല്ലാം കടുവയുടെ ആക്രമണമുണ്ടായി.
വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങി
അതിനിടെ വണ്ടിപ്പെരിയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ വണ്ടിപ്പെരിയാർ 56-ാം മൈലിന് സമീപം കടുവ ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു. കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ പ്രദേശത്തു നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രദേശവാസിയായ സണ്ണിയുടെ വീട്ടിലെ പട്ടിക്കൂടിന് സമീപമാണ് കടുവ എത്തിയത്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവ വലിയ ശബ്‍ദത്തിൽ തുടർച്ചയായി ഗർജ്ജിക്കുകയും ചെയ്തു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ മേഖലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടികുടാൻ അടിയന്തരമായി കൂട് സ്ഥാപിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
