തരിശ് കുണ്ടോടയില്‍ ചൂളിമ്മല്‍ എസ്റ്റേറ്റില്‍ ജയിംസിന്റെ താമസസ്ഥലത്തിനോട് ചേര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ കടുവയെ കണ്ടത്. കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിലായിരുന്നു കടുവ. 

മലപ്പുറം: കരുവാരകുണ്ട് (Karuvarakundu) മലയോര ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ പകല്‍ കടുവയെ (Tiger) കണ്ടതോടെ നാട്ടുകാര്‍ ഭീതിയില്‍. തരിശ് കുണ്ടോടയില്‍ ചൂളിമ്മല്‍ എസ്റ്റേറ്റില്‍ ജയിംസിന്റെ താമസസ്ഥലത്തിനോട് ചേര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ കടുവയെ കണ്ടത്. കാട്ടുപന്നിയെ (Wild Boar) കൊന്ന് തിന്നാനുള്ള ശ്രമത്തിലായിരുന്നു കടുവ. നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോകളും കടുവയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പരിസരത്തുള്ളവര്‍ പുറത്തിറങ്ങാന്‍ പോലുമാവാതെ വീടുകളില്‍ കഴിയേണ്ട അവസ്ഥയിലാണ്. 

കാട്ടുപോത്തിന്റെ അക്രമണത്തില്‍ യുവാവ് മരിച്ചതും ഈ സ്ഥലത്താണ്. സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശത്തിന്റെ താഴ്‌വാരമാണ് കുണ്ടോട. കടുവയെ കണ്ട ഭാഗം നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ജനവാസ കേന്ദ്രമാണ്. മാത്രമല്ല കടുവയെ കണ്ട ചൂളിമ്മല്‍ എസ്റ്റേറ്റിനു മുകളില്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയാണ്. ദിനേന നൂറുകണക്കിനാളുകള്‍ ജോലിക്കെത്തുന്ന ഭാഗം കൂടിയാണിത്.

കഴിഞ്ഞയാഴ്ച കല്‍ക്കുണ്ടില്‍ വളര്‍ത്തുനായയെ കടുവ കൊന്നുതിന്നിരുന്നു. കല്‍ക്കുണ്ട് ആര്‍ത്തലക്കുന്ന് കോളനിയില്‍ വെള്ളാരംകുന്നേല്‍ പ്രകാശന്റെ വളര്‍ത്തുനായയെയാണ് കടുവ കൊന്നു തിന്നത്. പ്രകാശന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെയാണ് കടുവ ഭക്ഷണമാക്കിയത്. പുലികള്‍ ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്ന് നാട്ടില്‍ ഭീതി പരത്തിയതിന് പിന്നാലെയാണ് കടുവയുടെ സാന്നിധ്യം കൂടി പ്രദേശത്ത് അനുഭവപ്പെടുന്നത്.

"