നിലമ്പൂര്‍ എടക്കരയില്‍ പട്ടാപ്പകല്‍ പശുവിനെ കൊന്ന കടുവയെ പിടികൂടുന്നത് വനംവകുപ്പിലെ അതിര്‍ത്തി തര്‍ക്കം മൂലം വൈകുന്നു. സൗത്ത്, നോര്‍ത്ത് ഡിവിഷനുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നടപടി വൈകുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലും പ്രതിഷേധത്തിലുമാണ്.
മലപ്പുറം: നിലമ്പൂര്‍ എടക്കര ചോളമുണ്ടയില്‍ പട്ടാപ്പകല്‍ പശുവിനെ കടിച്ചു കൊന്ന കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുന്നതില്‍ വനംവകുപ്പില്‍ പരിധിതര്‍ക്കം. കടുവ ഇറങ്ങിയ വനം നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ പരിധിയിലും പശുവിനെ ആക്രമിച്ച സ്ഥലം നോര്‍ത്ത് ഡിവിഷന്‍ പരിധിയിലുമാണെന്ന് ചൂണ്ടിക്കാട്ടി, കൂട് സ്ഥാപിക്കേണ്ടത് ആരെന്നതിനെച്ചൊല്ലിയാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം തുടരുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പൊറ്റയില്‍ മൂസയുടെ കണ്‍മുമ്പിലിട്ട് വളര്‍ത്തുപശുവിനെ കടുവ ആക്രമിച്ചു കൊന്നത്.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ജീവന് ഭീഷണിയായ കടുവയെ പിടികൂടാന്‍ വനംവകുപ്പ് തയാറാകാത്തതില്‍ പ്രദേശവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. കടുവയുടെ സാന്നിധ്യം കാരണം ചോളമുണ്ടയിലും പരിസര പ്രദേശങ്ങളിലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന സാഹചര്യമാണ്. മേഖലയില്‍ റബ്ബര്‍ ടാപ്പിങ് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.


