. ദുര്‍ഗ മാത്രമല്ല മാതാപിതാക്കളായ രമ്യയും സുരേഷും കുഞ്ഞനിയത്തി  ശ്രീരുത്യയും  ടിക് ടോക്കില്‍ സജീവമായിരുന്നു. കുടുംബം ഒന്നിച്ച് അഭിനയിച്ച് തകര്‍ത്ത വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്.

തിരുവനന്തപുരം: കുരുന്നുകള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ടിക് ടോക്കിലൂടെ ആടിപ്പാടി നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നാലുവയസുകാരി ദുര്‍ഗ്ഗ മോള്‍. ദുര്‍ഗ്ഗയുടെ വീഡിയോകള്‍ കാണാത്ത ഒരു ടിക് ടോക്ക് പ്രേമിയും ഉണ്ടാവാന്‍ ഇടയില്ല. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും സിനിമാ ഗാനങ്ങളും സംഭാഷണങ്ങളുമൊക്കെ അനായാസം അഭിനയിച്ച് ആളുകളുടെ പ്രിയം നേടിയ ദുര്‍ഗ്ഗയ്ക്ക് സ്വന്തമായി ഒരു വീടില്ല. 

എന്നാല്‍ ദുര്‍ഗ്ഗയ്ക്കായി ഒരു വീട് ഒരുങ്ങുകയാണ്. മണികിലുക്കം ദുര്‍ഗമോള്‍ വാട്ട്സാപ്പ് കൂട്ടായ്മയാണ് അതിനായി നേതൃത്വം നല്‍കുന്നത്.മലപ്പുറം പരപ്പനങ്ങാടി താഹിർ ആണ് ദുര്‍ഗ്ഗയുടെ കുടുംബത്തിന് വീട് ഒരുക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടത് . ദുര്‍ഗ്ഗയുടെ ഊരുട്ടമ്പലത്തെ വീട്ടില്‍വച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് വീടിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭാവി പരിപാടികളെ കുറിച്ച് സംസാരിക്കുമെന്ന് താഹിര്‍ പറഞ്ഞു. ഇതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൂറോളം പേര്‍ ദുര്‍ഗ്ഗയുടെ വീട്ടിലെത്തും.

ഊരുട്ടമ്പലം കോട്ടമുകൾ വിളങ്ങറത്തലവീട്ടിൽ സുരേഷ് രമ്യ ദമ്പതികളുടെ മകളാണ് ദുര്‍ഗ. ദുര്‍ഗ മാത്രമല്ല മാതാപിതാക്കളായ രമ്യയും സുരേഷും കുഞ്ഞനിയത്തി ശ്രീരുത്യയും ടിക് ടോക്കില്‍ സജീവമായിരുന്നു. കുടുംബം ഒന്നിച്ച് അഭിനയിച്ച് തകര്‍ത്ത വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്.