ആലപ്പുഴ: തുറവൂരിന് സമീപം ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. വണ്ടി മറിഞ്ഞെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ട് തുറവൂര്‍ ജംഗ്ഷന് സമീപം നിർമ്മാണ സാധനങ്ങളുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിര്‍മാണ സാമഗ്രികളുമായി കുത്തിയതോട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.

ഓട്ടത്തിനിടെ ടയര്‍ പൊട്ടി നിയന്ത്രണം തെറ്റി ലോറി മറിയുകയായിരുന്നു. തണ്ണീര്‍മുക്കം സ്വദേശി രാജേഷായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശിയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഹോളോബ്രിക്‌സ് റോഡിലേക്ക് ചിതറി വീണു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇതെടുത്ത് മാറ്റിയത്. കുത്തിയതോട് പൊലീസും സ്ഥലത്തെത്തിയിരുന്നു.