Asianet News MalayalamAsianet News Malayalam

ആര് കൊട്ടുന്നു എന്നതിലല്ല, മേളത്തിലാണ് കാര്യം; മേളപ്രേമി ടൈറ്റസ് ഈനാശുവിന് പറയാനുള്ളത്

ആളുകളോടുള്ള ആരാധനയുടെ പേരില് ഒരാളെ വിലക്കാനുള്ള ശ്രമങ്ങളിലേക്ക് വരെ പോകുന്ന നിലയിലാണ് ഇന്നത്തെ മലയാളിയുടെ ആസ്വാദന ബോധം

Titus Enashu die hard fan of melam reaction of aniyan marar to lead ilanjithara melam
Author
First Published Jan 11, 2023, 3:05 PM IST

തിരുവനന്തപുരം: ആര് മേളം കൊട്ടിയാലെന്താണ്? അതിലൊരു കുഴപ്പോമില്ല, ഒരു മേള പ്രേമിക്ക് ആര് കൊട്ടുന്നു എന്നത് വിഷയമല്ല. അതൊക്കെ ചിലരുടെ മാത്രം താല്‍പര്യമാണ്. പണ്ട് മലയാളികള്‍ക്ക് തമിഴ്നാട്ടിലെ താരങ്ങളോടുള്ള ആരാധനയേ പുച്ഛമായിരുന്നു. എന്നാല്‍ ഇന്ന് മലയാളിയുടെ താരാരാധന പണ്ടത്തെ തമിഴ്നാട്ടുകാരേക്കാളും മോശമാണ്. മേളത്തിന് ആരെന്നത് മുഖ്യമല്ല, മട്ടന്നൂരോ പെരുവനോ അനിയനോ ആര് മേളം ചെയ്താലും മേള പ്രേമികള് അവിടെ എത്തും. ആളുകളോടുള്ള ആരാധനയുടെ പേരില് ഒരാളെ വിലക്കാനുള്ള ശ്രമങ്ങളിലേക്ക് വരെ പോകുന്ന നിലയിലാണ് ഇന്നത്തെ മലയാളിയുടെ ആസ്വാദന ബോധം. ആളുകളോടുള്ള താല്‍പര്യം മേളം കഴിഞ്ഞ് സ്വകാര്യമായി മാത്രം കാണാനാണ് താല്‍പര്യമെന്നും മേളപ്രേമിയും ടൈററസേട്ടനെന്ന് തൃശൂരുകാര‍്‍ സ്നേഹത്തോടെ വിളിക്കുന്ന ടൈറ്റസ് ഈനാശു പറയുന്നു. 

അരണാട്ടുകര സ്വദേശിയായ ടൈറ്റസ് ഈനാശുവിനെ കേരളം കണ്ട ഏറ്റവും വലിയ മേളപ്രേമിയെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ അഭിസംബോധന ചെയ്യുന്നത്. മേളം കൊട്ടിക്കയറുന്ന സമയത്തെ ടൈറ്റസിന്‍റെ ആസ്വാദനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മേളം കൊട്ടിക്കയറുമ്പോള്‍ ആളുകളില്‍ നിന്നും അല്‍പം മാറിനിന്ന് ചെണ്ടക്കോലിനൊപ്പം ആവേശം കാണിക്കുന്ന ടൈറ്റസ് പൂരപ്പറമ്പുകളിലെ സജീവ സാന്നിധ്യമാണ്. 

ഈ വര്‍ഷത്തെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടൻ മാരാര്‍ക്ക് പകരം അനിയൻ മാരാര്‍ പ്രമാണിസ്ഥാനം വഹിക്കുമെന്ന്  പാറമേക്കാവ് ദേവസ്വം ഇന്നലെ വിശദമാക്കിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി പാറമേക്കാവിനായി ഇലഞ്ഞിത്തറ മേളത്തിൻ്റെ പ്രമാണി സ്ഥാനം വഹിച്ചിരുന്നത് പെരുവനം കുട്ടൻ മാരാറായിരുന്നു. മുതിർന്ന വാദ്യകലാകാരനായ അനിയൻ മാരാർക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാൻ അവസരം നൽകണമെന്ന ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മാധ്യമങ്ങളോട്  പ്രതികരിച്ചിരുന്നു. 

78 വയസ്സായ കിഴക്കൂട്ട് അനിയൻ മാരാർക്ക് പ്രമാണി സ്ഥാനത്ത് ഒരവസരം നൽകാൻ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകൾക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതൽ കിഴക്കൂട്ട് അനിയൻ മാരാർ പൂരത്തിനുണ്ട്. കലാകാരന്മാർക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നൽകാനുള്ള ആലോചനയും നടക്കുന്നുണ്ടെന്നും പെരുവനത്തിൻ്റേത് മികച്ച സ്ഥാനമായിരുന്നുവെന്നും ജി.രാജേഷ്  കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാൽപ്പത് വര്‍ഷമായി പാറമേക്കാവിൻ്റെ ഇല‍ഞ്ഞിത്തറ മേളത്തിൽ പങ്കാളിയാണ് കിഴക്കൂട്ട് അനിയൻ മാരാര്‍. 2005-ൽ പാറമേക്കാവിൻ്റെ പകൽപ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ൽ തിരുവമ്പാടിയുടെ പകൽപ്പൂരത്തിനും പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയൻ മാരാര്‍ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂര്‍വ്വ ആദരം കൂടിയാണ് വൈകിയെത്തുന്ന ഈ പ്രമാണി സ്ഥാനം.

Follow Us:
Download App:
  • android
  • ios