കോവളത്തിന് സമീപം വ്യാജകള്ള് വിൽപ്പന നടത്തിയ അസം സ്വദേശികളായ സഹോദരങ്ങളെ എക്സൈസ് പിടികൂടി. വാഴമുട്ടത്തെ വാടക വീട്ടിൽ നിന്ന് 110 ലിറ്റർ വ്യാജകള്ള് പിടിച്ചെടുത്തു. കെമിക്കൽ ഉപയോഗിച്ച് നിർമ്മിച്ച കള്ളാണിതെന്ന് സംശയിക്കുന്നതായും സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായും എക്സൈസ് അറിയിച്ചു.
തിരുവനന്തപുരം: കോവളത്തിന് സമീപം വ്യാജകള്ള് വിൽപ്പന നടത്തിയിരുന്ന ആസാം സ്വദേശികൾ പിടിയിൽ. വാഴമുട്ടത്ത് വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ കള്ളും എക്സൈസ് സിറ്റി സംഘം പിടിച്ചെടുത്തു. സംഭവത്തിൽ അസാം സ്വദേശികളായ സഹോദരങ്ങൾ ആഡിക്കൂർ ഇസ്ലാം (24) സാഡിക്കൂർ ഇസ്ലാം (23) എന്നിവർ പിടിയിലായി.
അനധികൃതമായി കള്ള് വിൽപനയെന്ന് പരാതിയിലായിരുന്നു അന്വേഷണം. മാസങ്ങളായി ഇവിടെ നിന്ന് നെല്ലിയോട്, പൂവാർ, പഴയ ഉച്ചക്കട, തുടങ്ങിയ മേഖലകളിൽ കള്ള് എത്തിച്ച് വിൽപ്പന നടത്തിയതായി പ്രതികൾ സമ്മതിച്ചു. പാലക്കാട് നിന്നും കള്ള് എത്തിക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ് എക്സൈസ് വിലയിരുത്തൽ.
കെമിക്കൽ ഉപയോഗിച്ച് തയാറാക്കിയ കള്ളാണ് ഇവർ വിൽപ്പന നടത്തിവന്നത്. അനധികൃതമായി കള്ള് സൂക്ഷിച്ചതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇവിടെ സൂക്ഷിരുന്ന കളിൽ മായം ചേർത്തിട്ടുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പരിശോധനാ ഫലം വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


