സ്മാർട് ഫോൺ സ്മാർടായി വീണ്ടെടുത്ത് ഉടമയ്ക്ക് നൽകി ഫയർഫോഴ്സ്. കുഞ്ഞിന്‍റെ കയ്യിൽ നിന്ന് ഓടയിൽ വീണ സ്മാർട് ഫോൺ ആണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പുറത്തെടുത്തത്

കൊല്ലം: സ്മാർട് ഫോൺ സ്മാർടായി വീണ്ടെടുത്ത് ഉടമയ്ക്ക് നൽകി ഫയർഫോഴ്സ്. കുഞ്ഞിന്‍റെ കയ്യിൽ നിന്ന് ഓടയിൽ വീണ സ്മാർട് ഫോൺ ആണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പുറത്തെടുത്തത്. പട്ടത്താനത്ത് താമസിക്കുന്ന ഹാജിറയുടെ മൊബൈൽ ഫോണായിരുന്നു ഓടയിൽ വീണത്. ഇന്നലെ രാവിലെ 9.30ന് പോളയത്തോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഹാജിറയും മൂന്നു വയസ്സുള്ള മകളും പോളയത്തോട് ജംക്‌ഷനിലേക്ക് ഓടയ്ക്ക് മുകളിലൂടെ നടന്നു പോകുമ്പോൾ കുഞ്ഞിന്‍റെ കയ്യിലിരുന്ന മൊബൈൽ ഫോൺ കൈവഴുതി താഴേക്ക് വീഴുകയായിരുന്നു.

മേൽമൂടിയുടെ വിടവിലൂടെ ഓടയ്ക്ക് ഉള്ളിലേക്ക് ഫോണ്‍ പോയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഹാജിറ പരിഭ്രാന്തിയിലായി. ഇതു കണ്ട യുവാവ് കടപ്പാക്കട അഗ്നിരക്ഷാ സേനാംഗങ്ങളെ വിവരമറിയിച്ചു. ടെൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി ഫോൺ വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഓടയുടെ കോൺക്രീറ്റ് സ്ലാബ് ഉയർത്തി മൊബൈൽ ഫോൺ പുറത്തെടുത്തു. ഉടമയ്ക്ക് കൈമാറുകയും ചെയ്തു.