കോഴിക്കോട് കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കോരങ്ങാടിന് സമീപം ഓടയിൽ കക്കൂസ് മാലിന്യം തള്ളി. ഇത് തടയാനെത്തിയ നാട്ടുകാരെ അക്രമികൾ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്.

കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കോരങ്ങാടിന് സമീപം റോഡരികിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളി. മാലിന്യം ഒഴുക്കുന്നതിനിടെ തടയാനെത്തിയ നാട്ടുകാരെ വാഹനം ഇടിപ്പിക്കാനും ശ്രമമുണ്ടായതായി പരാതി. കോരങ്ങാട് ഹൈസ്‌കൂളിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

പ്രദേശത്ത് മാലിന്യം ടാങ്കറിലെത്തിച്ച് ഒഴുക്കുന്നത് പതിവായതോടെ നാട്ടുകാര്‍ കാവല്‍ നിന്നിരുന്നു. രാത്രി ഒരു മണിയോടെ ടാങ്കറില്‍ മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചതോടെ ഇവരെ ആക്രമിച്ച് സംഘം കടന്നുകളയുകയായിരുന്നു. ആറ് മാസത്തില്‍ അധികമായി കോരങ്ങാട് പ്രദേശത്ത് മാലിന്യം തള്ളുന്നതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.