ആംബുലൻസ് ഡ്രൈവർ രോഗിയെ തൃശൂരിലെ ആശുപത്രിയിലാക്കി തിരിച്ച് വരുന്നതിനിടെ പിന്തുടർന്ന് പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്
തൃശൂർ: തൃശൂര്‍ കാഞ്ഞാണി പെരുമ്പുഴ പാതയോരത്ത് സെപ്റ്റിക് മാലിന്യം തള്ളിയ രണ്ടു ലോറികൾ അന്തിക്കാട് പൊലീസ് പിടിച്ചെടുത്തു. ആംബുലൻസ് ഡ്രൈവർ രോഗിയെ തൃശൂരിലെ ആശുപത്രിയിലാക്കി തിരിച്ച് വരുന്നതിനിടെ പിന്തുടർന്ന് പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്. അരിമ്പൂർ പഞ്ചായത്തിന്‍റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. എന്നാൽ, പ്രതികളുടെ സ്വാധീനം ഉപയോഗിച്ച് ലോറികൾ വിട്ട് കിട്ടാൻ ശ്രമങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.
പെരുമ്പുഴ പാടത്ത് ടാങ്കർ ലോറിയിൽ സെപ്റ്റിക് മാലിന്യം ഒഴുക്കുന്നത് കണ്ട് ആംബുലൻസ് ഡ്രൈവർ വാഹനം തിരിച്ച് ലോറിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ സ്ഥലത്തെത്തിയതോടെ ടാങ്കര്‍ ലോറി ഡ്രൈവര്‍ വാഹനം അവിടെനിന്നുമെടുത്ത് അമിതവേഗത്തിൽ പോവുകയായിരുന്നു.
മൂന്ന് കിലോമീറ്റർ ദൂരം ലോറിയെ പിന്തുടർന്ന് എറവ് കപ്പൽ പള്ളിക്കും അരിമ്പൂരിനും ഇടയിൽ വെച്ച് ലോറിയുടെ നമ്പർ ആംബു ലൻസിലെ ഗാർഡ് വീഡിയോയിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയതിനെ തുടർന്ന് സംഭവം വാർത്തയായി. തുടര്‍ന്ന് പഞ്ചായത്ത് വിഷയത്തിൽ ഇടപെടുകയും പരാതി നൽകുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം മനക്കൊടി പ്രദേശത്ത് മാലിന്യം തട്ടാൻ എത്തിയ രണ്ടു ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തി. രണ്ട് ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആംബുലന്‍സിൽ നിന്ന് പകര്‍ത്തിയ മാലിന്യം തള്ളിയ ലോറിയും പിടികൂടിയവയിൽ ഉണ്ടെന്ന് വ്യക്തമായത്. അന്നത്തെ സംഭവത്തിനുശേഷം അതേ ലോറി വീണ്ടും മാലിന്യം തള്ളൽ തുടരുകയായിരുന്നു. കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് നാട്ടുകാരുടെ പരാതി.


