ഇടുക്കി: നേര്യമംഗലം, ആനച്ചാല്‍ മേഖലകള്‍ മൂന്നാറായി ചിത്രീകരിച്ചതോടെ വിനോദസഞ്ചാരികള്‍ വഞ്ചിക്കപ്പെടുന്നതായി ആരോപണം. നേര്യമംഗലം, ആനച്ചാല്‍ മേഖലയിലെ പല കെട്ടിടങ്ങളും വിലാസത്തില്‍ മൂന്നാര്‍ എന്ന് കുറിക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ച് മടങ്ങുന്നതായാണ് ആരോപണം. ചെങ്കുളം ജലാശയം മാട്ടുപ്പെട്ടി ജലാശയമായും  സമീപത്തെ ഭൂപ്രദേശങ്ങള്‍ എക്കോപോയിന്‍റും ടോപ്പ് സ്റ്റേഷനുമായി മാറ്റിയാണ് പലരും സന്ദര്‍ശകരെ കമ്പളിപ്പിക്കുന്നത്.

ചില ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഇത്തരത്തില്‍ മൂന്നാറിനെ രണ്ടാക്കി ചിത്രീകരിക്കുന്നതെന്നാണ് ആരോപണം. ഇവര്‍ യഥാര്‍ത്ഥ മൂന്നാറിന് രണ്ടാം സ്ഥാനം നല്‍കുന്നുവെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഈ മേഖലകളില്‍ ഇടവിട്ട് പെയ്യുന്ന നേരിയ മഴയും കോടമഞ്ഞും ആസ്വദിക്കാതെ സഞ്ചാരികള്‍ മടങ്ങുന്നുവെന്നാണ് നിരീക്ഷണം. 

മഹാപ്രളയത്തോട് അനുബന്ധിച്ച് മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ കടന്നുവരവ് കുറവാണെങ്കിലും സമീപ്രദേശങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചരണം വിനോദസഞ്ചാര മേഖലയക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. സന്ദര്‍ശകരുടെ വരവ് കുറഞ്ഞത് മൂന്നാറിലെ ഹോട്ടല്‍ വ്യവസായ മേഖലയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.