ആര്‍.ടി.ഒയെ വിളിച്ചുവരുത്തി ആഡംബര മ്യൂസിക് സിസ്റ്റവും ലേസര്‍ ലൈറ്റുകളും ഇളക്കി മാറ്റിയതിന് ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ തമ്മില്‍ പകരം വീട്ടിയതാണ് വിവാഹ വേദിയിലെ കൂട്ടത്തല്ലില്‍ അവസാനിച്ചത്.
കൊട്ടാരക്കര: ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം വിവാഹ വേദിയിലെ കൂട്ടത്തല്ലായി മാറി. ആര്‍.ടി.ഒയെ വിളിച്ചുവരുത്തി ആഡംബര മ്യൂസിക് സിസ്റ്റവും ലേസര്‍ ലൈറ്റുകളും ഇളക്കി മാറ്റിയതിന് ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ തമ്മില്‍ പകരം വീട്ടിയതാണ് വിവാഹ വേദിയിലെ കൂട്ടത്തല്ലില്‍ അവസാനിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുനലൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിനോദയാത്രക്കായി എത്തിയ ടൂറിസ്റ്റ് ബസ് തിരുവനന്തപുരത്തെ ടൂറിസ്റ്റ് ബസ് ജീവക്കാര്‍ തടയുകയും ആര്‍.ടി.ഒയെ വിളിച്ചുവരുത്തി ബസിലെ ആഡംബര മ്യൂസിക് സിസ്റ്റവും ലേസര്‍ ലൈറ്റുകളും അഴിച്ച് മാറ്റുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തുള്ള ബസ് തടഞ്ഞ ടൂറിസ്റ്റ് ബസ് സര്‍വിസ് കൊട്ടാരക്കരയിലെ വിവാഹത്തിനെത്തിയത്. ഇതോടെ പുനലൂരിലുള്ള ബസ് ജീവനക്കാര്‍ പകരം വീട്ടാന്‍ സ്ഥലത്തെത്തുകയായിരുന്നു. ജീവനക്കാര്‍ കൊട്ടാരക്കര ആര്‍.ടി.ഒയെ വിവരമറിയിച്ച് ആഡംബര മ്യൂസിക് സിസ്റ്റവും ലേസര്‍ ലൈറ്റുകളും ഇളക്കി മാറ്റിച്ചു. കൂടാതെ ഇവര്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു.
പൊലീസ് ഇടപ്പെട്ട് ജീവനക്കാരെ ഒത്തുതീര്‍പ്പായെങ്കിലും വിവാഹം അലങ്കോലപ്പെടുത്തിയതിന് കുന്നിക്കോട് വിളക്കുടി ഷാഹിദാ മന്‍സിലില്‍ സിറാജുദ്ദീന്‍ (43), നെടുമ്പന നജാത്ത് വീട്ടില്‍ മുഹമ്മദ് റാഷിദ് (27), ഏനാത്ത് കൂരുംവിള വീട്ടില്‍ ഓമനക്കുട്ടന്‍ (35), ഏനാത്ത് മനോജ് ഭവനില്‍ അജിത് കുമാര്‍ (22), മൈലം താമരക്കുടി വിനോദ് ഭവനില്‍ വിനോദ് ബാബു (42) എന്നിവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
ടൂറിസ്റ്റ് ബസുകളുടെ വാടകയുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച് കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ തമ്മില്‍ മത്സരവും തര്‍ക്കവും തുടരുകയാണ്. കൊല്ലത്തെ ടൂറിസ്റ്റ് ബസ് സര്‍വിസുകള്‍ക്ക് വാടക കുറവുള്ളതിനാല്‍ തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളും തിരുവനന്തപുരത്തെ ബസുകളെ ഒഴിവാക്കി കൊല്ലം ജില്ലയിലെ ടൂറിസ്റ്റ് ബസ് സര്‍വീസുകളാണ് തിരഞ്ഞെടുക്കുന്നത്. ഇതും പ്രശ്‌നത്തിന് കാരണമായി.
