കേരളത്തിലെ ഏറ്റവും വലിയ മണ്‍ അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഈ കേന്ദ്രം സഞ്ചാരികളെ ക്ഷണിക്കുന്നു.
കല്‍പ്പറ്റ: വെറുമൊരു ബസ് കാത്തിരിപ്പ് കേന്ദ്രം കാണാന്‍ മാത്രം സഞ്ചാരികള്‍ വാഹനം നിര്‍ത്തുക. അവിടെയിരുന്ന് സെല്‍ഫി പകര്‍ത്തുക, ബസ് കാത്ത് നില്‍ക്കുന്നവരേക്കാളും കൂടുതല്‍ അവിടെ ചിലവഴിക്കുക. അങ്ങനെയൊരു ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട് വയനാട്ടില്‍.
ബാണാസുരസാഗറിന്റെ വിദൂരക്കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ഒരു ബസ് കാത്തിരിപ്പുകേന്ദ്രം. സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലായ ഈ ബസ് കാത്തിരിപ്പുകേന്ദ്രം തേടി സഞ്ചാരികളെത്തി തുടങ്ങിയതോടെ നാട്ടുകാര്‍ക്കും ഇത് കൗതുകമായിരിക്കുകയാണ്. പ്രകൃതിരമണീയമായ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വിശാലമായ കാഴ്ചകളപ്പാടെ ഈ ബസ് സ്റ്റോപ്പിലിരുന്ന് കാണാനാകും.
പടിഞ്ഞാറത്തറ-മഞ്ഞൂറ പാതയരികില്‍ വലിയ കെട്ടും മട്ടുമൊന്നുമില്ലാതെ നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്ന് കേരളത്തില്‍ വലിയ മണ്‍ അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് സഞ്ചാരികള്‍. അടുത്ത സമയത്ത് നവീകരിച്ച റോഡരികില്‍, പതിമൂന്നാം മൈലില്‍ കെഎസ്ടിപിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്.
വൈത്തിരിയിലെ പൂക്കോട് തടാകം, തരിയോട് കര്‍ളാട് തടാകം എന്നിവയെ കൂടി ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ നവീകരണത്തിന് ശേഷം ആവശ്യത്തിനുള്ള വഴിവിളക്കുകള്‍ കൂടി സ്ഥാപിച്ചത് ബാണാസുരസാഗറിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും യാത്ര എളുപ്പമാക്കുന്നുണ്ട്. മഴക്കാലത്തും ഏറെ സഞ്ചാരികളെത്തുന്ന ഹൈഡല്‍ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ബാണാസുര. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകക്കും തമിഴ്‌നാടിനും പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടി ബാണാസുരയുടെ മഴക്കാല ഭംഗി ആസ്വാദിക്കാന്‍ സഞ്ചാരികളെത്തുന്നുണ്ട്.
