കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍

സുല്‍ത്താന്‍ബത്തേരി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നാല് ദിവസത്തെ അവധി ഒരുമിച്ച് ലഭിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ജനം അത് ആഘോഷമാക്കിയിരുന്നു. 

വരുന്ന പൊതുഅവധികളിലും ഇതേ പ്രവണത തുടര്‍ന്നാല്‍ വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയാകാത്ത തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒരുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ലോക്ഡൗണിന് ശേഷം ഇതുവരെയുണ്ടാകാത്ത തരത്തില്‍ വലിയ തിരക്കാണ് പൊങ്കല്‍ അവധി ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. കേരളീയര്‍ കുറവായിരുന്നെങ്കിലും തമിഴ്‌നാട്ടിലെ ഇതരജില്ലകളില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ വിനോദത്തിനായി എത്തി. 

ഇ-പാസ് നിബന്ധനകള്‍ ലളിതമാക്കിയതും തിരക്കിന് കാരണമായി. ബസുകളും മറ്റു സ്വകാര്യവാഹനങ്ങളും തിക്കിത്തിരക്കിയതോടെ പല റോഡുകളും അടക്കേണ്ടിവന്നു പൊലീസിന്. ബസുകളിലെത്തിയവര്‍ കൂടുതല്‍ കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ജനത്തിരക്കും വാഹനങ്ങളും കൂടിയതോടെ പൊലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. 

ഗാര്‍ഡന്‍ റോഡ് ഒറ്റവരിപ്പാതയാക്കി. വണ്ടിച്ചോല വഴി ഗാര്‍ഡനിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു. കൊമേഴ്‌സ്യല്‍ റോഡ് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. മഴകാരണം നിര്‍ത്തിയ ബോട്ടുസവാരി ശനിയാഴ്ച മുതലാണ് വീണ്ടും തുടങ്ങിയത്. 

അതിനാല്‍ ബോട്ട് ഹൗസ്, റോസ് ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയിടങ്ങളില്‍ നല്ല തിരക്കായിരുന്നു. സസ്യോദ്യാനത്തില്‍ നാല് ദിവസം കൊണ്ട് എത്തിയവരുടെ എണ്ണം 20000ത്തിലും അധികമാണ്. അതേസമയം മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാക്കണമെന്ന് ജില്ല കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.