Asianet News MalayalamAsianet News Malayalam

ഈ ദുരിതകാലം താണ്ടാൻ കുഞ്ഞുങ്ങൾക്ക് കരുതൽ; അന്തിക്കാടിന്‍റെ കളിപ്പാട്ട - പുസ്തക വണ്ടികൾ വയനാട്ടിലെത്തി

ഈ ദുരിതകാലം താണ്ടാന്‍ കുട്ടികളുടെ കരുതല്‍ ഏറ്റെടുത്തിരിക്കുകയാണ് ഒരു സ്‌കൂളും അധ്യാപകരും.

toys and books from Anthikkad school reached wayanad for survivors of devastating landslide
Author
First Published Aug 15, 2024, 12:09 PM IST | Last Updated Aug 15, 2024, 12:09 PM IST

കല്‍പ്പറ്റ: അന്ന് കവളപ്പാറയിലേക്ക് അന്തിക്കാട് നിന്ന് നിന്നെത്തിയ കളപ്പാട്ട വണ്ടി വയനാട്ടിലേക്ക് കൂടി ഓടിക്കേണ്ടി വന്നതിന്റെ സങ്കടമാണുള്ളിലെങ്കിലും ഈ ദുരിതകാലം താണ്ടാന്‍ കുട്ടികളുടെ കരുതല്‍ ഏറ്റെടുത്തിരിക്കുകയാണ് ഒരു സ്‌കൂളും അധ്യാപകരും. അങ്ങനെയാണ് ഒരു വണ്ടി നിറയെ കളിപ്പാട്ടവും മറ്റൊരു വണ്ടിയില്‍ നോട്ടുപുസ്തകങ്ങളും കളര്‍പെന്‍സിലുകളുമായി അവര്‍ ചുരം കയറിയെത്തിയത്. ദുരന്തഭൂമിയില്‍ നിന്നും ജീവന്റെ മറുകരയിലേക്ക് തുഴഞ്ഞ് കയറിയ കുട്ടികളോടുള്ള കരുതലായിരുന്നു ഇരുവണ്ടികളും നിറയെ. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ മുറിവുണങ്ങാത്ത ക്യാമ്പുകളില്‍ അതൊരു സ്നേഹത്തിന്റെ തലോടലായി മാറി. 

പരിചയമില്ലാത്ത നാടിന്റെ ഇനിയും അറിയാത്ത കൂട്ടുകാര്‍ക്കായാണ് തൃശ്ശൂര്‍ അന്തിക്കാട് നിന്നും കുട്ടികള്‍ കളിപ്പാട്ടങ്ങളും നോട്ടുപുസ്തകങ്ങളും ശേഖരിച്ചത്. അന്തിക്കാട് കെ.ജി.എം എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ശേഖരിച്ച കളിപ്പാട്ടങ്ങളും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശേഖരിച്ച പഠനോപകരണങ്ങളുമാണ് രണ്ട് വണ്ടികളിലായി ഏതാനും അധ്യാപകരും കുട്ടികളും വയനാട്ടിലെത്തിച്ചത്. കെ.ജി.എം.എല്‍ പി സ്‌കൂളിലെ 645 ഓളം കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് മൂന്നു ദിവസം കൊണ്ടാണ്  ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങള്‍ സമാഹരിച്ചത്. ഒന്നര ലക്ഷം രൂപയുടെ രണ്ടായിരത്തോളം കളിപ്പാട്ടങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്.  അന്തിക്കാട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ഒരു ലക്ഷത്തോളം രൂപയുടെ പേന, പെന്‍സില്‍ തുടങ്ങിയ പഠനോപകരണങ്ങളും ശേഖരിച്ചു. 

കലക്ടറേറ്റില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, വനംവന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രി എന്നിവര്‍ ചേര്‍ന്ന് അതിജീവനത്തിന്റെ ഭൂമിയിലേക്ക് ചുരം കയറിയെത്തിയ കളിപ്പാട്ട, പുസ്തകവണ്ടികളെ സ്വീകരിച്ചു. അന്തിക്കാട് ഹൈസ്‌കൂളിലെ പ്രധാന അധ്യാപിക ഷില്ലിയാണ് വയനാട്ടിലേക്ക് പുറപ്പെട്ട വണ്ടികള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. പ്രധാനാധ്യാപകന്‍ ജോഷി ഡി കൊള്ളന്നൂര്‍, പിടിഎ പ്രസിഡന്റുമാരായ സജീഷ് മാധവന്‍, അഖില രാഗേഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഫാഇസ് ഫുവാദ്, ഫാബിയന്‍ ലിയോ, മുഹമ്മദ് ഹാതിം, ശ്രീബാല, നിയ ഷനൂപ, സിദ്ധാര്‍ത്ഥ് ഷിവിന്‍, കെ എം ഹരികൃഷ്ണന്‍, ടി പി യദുകൃഷ്ണന്‍ അധ്യാപക പ്രതിനിധികളായ നബീല റഹ്‌മ, ഷിംജി, ഫിറ്റ്സി സെബി, എന്‍ ആര്‍ പ്രജി, പിടിഎ പ്രതിനിധികളായ ലിയോ, സതീശന്‍ അന്തിക്കാട്, റെജീന നാസര്‍, ടി ഡി രേവതി, മിഥുന്‍ പേരോത്ത്, ഫിജി ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും വയനാടിന് കൈമാറിയത്. കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായും കളിപ്പാണ്ട വണ്ടിയുമായി ഇവര്‍ മലപ്പുറത്ത് എത്തിയിരുന്നു.

പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ നോട്ടുകെട്ടുകള്‍; ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios