ഇടുക്കി: പെരിയവാരയിലെ താല്‍കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. അമിതഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയതോടെ പലത്തിന്റെ ഒരുഭാഗത്തെ സംരക്ഷണ ഭിത്തി തകര്‍ന്നതാണ് ഗതാഗതം നിരോധിക്കാൻ കാരണം. കഴിഞ്ഞദിവസം രവിലെ വലിയവാഹനങ്ങള്‍ക്ക് അധികൃതർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരത്തോടെയാണ് ഗതാഗതം പൂർണ്ണമായി നിരോധിച്ചത്. 

പാലം അപകടത്തിലായത് വിനോദസഞ്ചാര മേഘലയ്ക്ക് വീണ്ടും തിരിച്ചടിയായി. ഒന്നരവര്‍ഷത്തിനിടെ മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവാരയ്ക്ക് സമീപം നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകരുന്നത് നാലാം തവണയാണ്. 2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലാണ് ബ്രിട്ടീഷുകാർ നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിന് കേടുപാടകള്‍ സംഭവിച്ചത്. ഒരുവശത്തെ പില്ലർ പൂര്‍ണ്ണമായി തര്‍ന്നതോടെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. 

രണ്ടുമാസത്തോളം കാല്‍നടയാത്രക്കാര്‍ പലത്തിലൂടെ മറുകരയിലെത്തി മറ്റുവാഹനങ്ങളിലാണ് വിവിധ ഇടങ്ങളില്‍ പോയിരുന്നത്. പ്രളയാനന്തര ഫണ്ടുകള്‍ ഉപയോഗിച്ച് സമീപത്തായി താല്‍ക്കാലിക പാലം നിര്‍മ്മിച്ച് അധികൃതർ പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും മഴ വില്ലനായി മാറിയതോടെ പ്രശ്‌നങ്ങള വീണ്ടും സങ്കീര്‍ണ്ണമായി. ഒരു കോടിയോളം മുടക്കി മൂന്നുപ്രാവശ്യം പാലം പണിതെങ്കിലും കന്നിമലയാറ്റിലെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. തുടര്‍ച്ചയായി പാലം തകര്‍ന്നതോടെ മൂന്നാറിലെ ടൂറിസം പൂര്‍ണ്ണമായി നിലച്ചു. 

വനംവകുപ്പിന്റെ ഇരവികുളം ദേശിയോദ്യാനം ദിവസങ്ങളോളം അടച്ചിട്ടു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കയര്‍ ഫെഡിന്റെ സഹായത്തോടെ വീണ്ടും പാലം നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ പാലത്തിന്റെ ഒരുവശത്തെ സംരക്ഷണഭിത്തി തകര്‍ന്ന് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവുകയാണ്. മൂന്നാറിലേക്ക് കടന്നുവകരുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാത തുറക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. അന്തര്‍സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതംകൂടി നിലച്ചതോടെ മൂന്നാറിലെ വ്യാപാരമേഘലയടക്കം പ്രതിസന്ധിയിലായി. ചരക്ക് നീക്കവും നിലച്ചു.