അമ്പലപ്പുഴയിൽ രോഗിയായ ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് പുന്നപ്ര സ്വദേശിനി മരിച്ചു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു.
അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിൽ എത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ സൈഡ് റോഡിൽ നിന്നും പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് കയറി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കമ്പികളുമായി വാഹനത്തിന് മുകളിലേക്ക് വീണു. തത്സമയം രക്ഷാപ്രവർത്തനം നടത്താനാവാതെ നാട്ടുകാർ നിസ്സഹായരായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വാതിയെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും രക്തം വാർന്ന് സ്വാതി മരണത്തിന് കീഴടങ്ങിയിരുന്നു. അഭിലാഷ്, ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പുന്നപ്ര പാലപ്പറമ്പ് വീട്ടിൽ സോണിമോന്‍റെയും മിനിമോളുടെയും മകളാണ് സ്വാതി.
