തൃശൂരിൽ വയോധികയുടെ സ്വർണമാല കവർന്ന പ്രതിയെ കുടുക്കി പൊലീസ്. എരുമപ്പെട്ടി സ്വദേശി ദില്‍ജിത്ത് ആണ് പിടിയിലായത്. പകല്‍ സമയത്ത് വീട്ടില്‍ കയറിയ മോഷ്ടാവ് കട്ടിലില്‍ കിടക്കുകയായിരുന്ന വയോധികയുടെ സ്വർണമാല ആണ് പ്രതി കവർന്നത്.
തൃശൂര്‍: പകല്‍ സമയത്ത് വീട്ടിലെ കട്ടിലില്‍ കിടക്കുകയായിരുന്ന വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. എരുമപ്പെട്ടി എലിക്കോടന്‍ പറമ്പില്‍ ദില്‍ജിത്തി (36) നെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് മോഷണം നടന്നത്. മകന്റെ മരണശേഷം വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന കരിയന്നൂര്‍ അണ്ടേക്കാട്ട് പീടികയില്‍ 80 വയസുള്ള ബീവാത്തുവിന്റെ സ്വര്‍ണമാലയാണ് പ്രതി മോഷ്ടിച്ചത്.
പകല്‍ സമയത്ത് വീട്ടില്‍ കയറിയ മോഷ്ടാവ് കട്ടിലില്‍ കിടക്കുകയായിരുന്ന ബീവാത്തുവിന്റെ കഴുത്ത് പിടിച്ചു ഞെക്കി കഴുത്തില്‍ കിടന്നിരുന്ന മൂന്ന് പവന്റെ സ്വര്‍ണമാല ഊരിയെടുക്കുകയായിരുന്നു. ബീവാത്തുവിന്റെ കൈയില്‍ കിടന്നിരുന്ന സ്വര്‍ണ മോതിരം ഊരിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ കൈപിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് കൈയ്ക്ക് പരിക്കേറ്റു.
സമീപത്തെ വീടുകളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയുടെ ദൃശ്യങ്ങള്‍ നോക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. തൃശൂര്‍ പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കുന്നംകുളം എസിപി മുരളീധരന്റെയും എരുമപ്പെട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാറിന്റെയും നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് പ്രതിയെ അന്വേഷണം നടത്തി പിടികൂടിയത്. സ്വര്‍ണമാല ജ്വല്ലറിയില്‍ കൊണ്ടുപോയി പുതിയതാക്കി മാറ്റി പണയ ഇടപാട് സ്ഥാപനത്തില്‍ കൊണ്ടുപോയി പണമാക്കി മാറ്റിയതായും പ്രതി സമ്മതിച്ചു.


