കിഴക്കമ്പലത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ 21-കാരനായ നബീൽ നസീർ എന്ന യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ, 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചി: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു നബീൽ.
വെള്ളത്തിൽ മുങ്ങിത്താണ നബീലിനെ രക്ഷിക്കാൻ കൂട്ടുകാർക്ക് സാധിക്കാതെ വന്നതോടെ, ഫയർഫോഴ്‌സിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കുളത്തിൽ തെരച്ചിൽ നടത്തി. രാത്രി ഏഴ് മണിയോടെയാണ് 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങി കിടന്ന നിലയിൽ നബീലിനെ കണ്ടെത്തിയത്. ഉടനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഏഴര മണിയോടെ നബീൽ നസീർ മരിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
