2 മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ നീളവും മുക്കാല്‍ മീറ്റര്‍ ഉയരവുമാണ് ഒരു ബോഗിക്ക്. ഒരെണ്ണത്തിന് രണ്ടര ടണ്ണോളം ഭാരം വരും. 

ചേര്‍ത്തല: പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല ഓട്ടോക്കാസ്റ്റില്‍ (auto cast ltd) നിര്‍മിച്ച നാല് ട്രെയിന്‍ ബോഗികള്‍ (Train bogie) റോഡ് മാര്‍ഗം നാളെ കയറ്റി അയക്കും. ഉത്തര റെയില്‍വേ പഞ്ചാബ് സോണിന്റെ അമൃത്സറിലെ വര്‍ക്ക്‌ഷോപ്പിലേക്കാണ് ബോഗികള്‍ കൊണ്ടുപോകുന്നത്. ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ അഞ്ച് കാസബ് ബോഗികള്‍ നിര്‍മിക്കുന്നതിനാണ് ഓട്ടോക്കാസ്റ്റിന് 2020 മാര്‍ച്ചിലാണ് ഓര്‍ഡര്‍ ലഭിച്ചത്. 

പിന്നീട് കൊവിഡ് ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായി. തുടര്‍ന്ന് ആദ്യ ബോഗി നിര്‍മാണം കഴിഞ്ഞ ജൂലൈയില്‍ പൂര്‍ത്തിയാക്കി കയറ്റി അയച്ചു. 2 മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ നീളവും മുക്കാല്‍ മീറ്റര്‍ ഉയരവുമാണ് ഒരു ബോഗിക്ക്. ഒരെണ്ണത്തിന് രണ്ടര ടണ്ണോളം ഭാരം വരും. 4 ബോഗികളും റെയില്‍വെയുടെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍സ് (ആര്‍ഡിഎസ്) അധികൃതര്‍ ചേര്‍ത്തല ഓട്ടോക്കാസ്റ്റിലെത്തി പരിശോധിച്ച് കയറ്റി അയക്കുന്നതിനുള്ള അനുമതി നല്‍കിട്ടുണ്ട്. 

4 ബോഗികളും ഒരുമിച്ച് ട്രക്കില്‍ കയറ്റി 10 ദിവസത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തും. 
കൂടുതല്‍ ബോഗികള്‍ നിര്‍മിക്കാനാകുമെന്ന വാഗ്ദാനവും റെയില്‍വെ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 20 ശതമാനം ബോഗികളുടെ ഓര്‍ഡര്‍ ഇനിയുള്ള ടെന്‍ഡറുകളില്‍ ലഭിച്ചേക്കും. ബോഗി നിര്‍മാണത്തിന് കിഴക്കന്‍-മധ്യ റെയില്‍വെയുടെയും സതേണ്‍ റെയില്‍വെയുടെയും ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ ഓട്ടോക്കാസ്റ്റ് നടപടി തുടങ്ങിയിട്ടുണ്ട്.