തിരുവനന്തപുരം കേശവദാസപുരത്ത് ക്വിയർ, ട്രാൻസ്, ഇന്റർസെക്സ് വ്യക്തികളുടെ മീറ്റപ്പ് സംഘടിപ്പിച്ചു. സാത്തി, സഹയാത്രിക എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തെ നെബർ ടെറസിൽ ക്വിയർ, ട്രാൻസ്, ഇന്റർസെക്സ് വ്യക്തികളുടെ മീറ്റപ്പ് സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ 'സാത്തി'യും തൃശ്ശൂർ ആസ്ഥാനമായ സഹയാത്രികയും സംയുക്കതമായാണ് പ്രാദേശിക കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്തു. ക്വിയർ, ട്രാൻസ്, ഇന്‍റർസെക്സ് വ്യക്തികൾ പങ്കെടുത്ത സംഗമം സുരക്ഷിത ഇടങ്ങൾ ഒരുക്കുന്നതിനും ആത്മവിശ്വാസവും അവകാശ ബോധവും സൗഹൃദ കൂട്ടായ്മകളും മെച്ചപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ളതായിരുന്നു.
കമ്മ്യൂണിറ്റിയുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി മനശ്ശാസ്ത്രജ്ഞയായ ഹെന നയിച്ച ഗ്രൗണ്ടിങ് സെഷനോടെ പരിപാടിക്ക് തുടക്കമായി. വ്യക്തിപരമായ അനുഭവങ്ങളിലൂടെയുള്ള കഥ പറച്ചിലുകളിലൂടെ വ്യവസ്ഥാപിത മൗനങ്ങളെ എങ്ങനെ വെല്ലുവിളിക്കാമെന്നും കൂട്ടായ ഹീലിംഗിന് വഴിയൊരുക്കാമെന്നും പറയുന്നതായിരുന്നു ക്വിയർ മുസ്ലിം ഫെമിനിസ്റ്റായ മീര പഴംപൊരി നയിച്ച സെഷൻ. തുടർന്ന്, ഇന്ത്യൻ ദൈനംദിന ജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ സ്നേഹത്തെയും സ്വാതന്ത്ര്യത്തെയും പുനർവ്യാഖ്യാനിക്കുന്ന ചിത്രമായ My Mother’s Girlfriendന്റെ സ്‌പെഷ്യൽ സ്ക്രീനിംഗും ഉണ്ടായി.
ക്വിയർ, ട്രാൻസ്, ഇന്‍റർസെക്സ് വ്യക്തികളെ സംബന്ധിക്കുന്ന നിയമപരമായ സൗകര്യങ്ങളെയും സംരക്ഷണങ്ങളെയും കുറിച്ച് കമ്മ്യൂണിറ്റി ചാമ്പ്യൻമാർ നയിച്ച സെഷൻ നടന്നു. ഇതിനുശേഷം കമ്മ്യൂണിറ്റിക്ക് ഇന്ന് ആവശ്യമായ നിയമ സഹായവും പിന്തുണകളും സംബന്ധിച്ച് ഒരു തുറന്ന ചര്‍ച്ചയും നടന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ക്വിയർ കളക്ടീവുകളിലെ പ്രതിനിധികൾ പരിപാടിയിൽ പങ്കുചേർന്ന് വിദ്യാർത്ഥി സമൂഹത്തെയും കൂട്ടായ്മകളെയും ആധാരമാക്കിയ ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചു.
