സുരക്ഷയ്ക്കായി വേണ്ട മാനദണ്ഡങ്ങളൊന്നു ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ട്രാന്‍സ്‌ഫോര്‍മറുകള്‍ വെച്ചാല്‍ സാധാരണ മറ്റുള്ളവര്‍ക്ക് കയറാന്‍ കഴിയാത്തവിധം കമ്പികള്‍കൊണ്ട് വേലി തീര്‍ത്ത് സുരക്ഷിതമാക്കുകയാണ് പതിവ്

ഹരിപ്പാട്: റോഡരികില്‍ സുരക്ഷാവലയമില്ലാതെ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. വീയപുരം കടപ്രലിങ്ക് ഹൈവേയില്‍ നിരണം വെസ്റ്റ് കോട്ടയില്‍ ജംഗ്ഷനിലാണ് സുരക്ഷാവലയമില്ലാതെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. വളവുതിരിഞ്ഞുവരുന്ന ഭാഗത്താണ് കുട്ടികള്‍ക്കു പോലും തൊടാവുന്ന വിധത്തിലാണിത്.

തൊട്ടടുത്തായി കോട്ടയില്‍ എല്‍ പി സ്‌കൂളുമുണ്ട്. റോഡിന്റെ ഇരുവശങ്ങളില്‍നിന്നും മെയിന്‍ റോഡിലേക്ക് കയറാനുള്ള ഏകമാര്‍ഗവും ട്രാന്‍സ് ഫോര്‍മര്‍സ്ഥാപിച്ചിരിക്കുന്ന ഈ കൊടും വളവിലൂടെയാണ്. സുരക്ഷയ്ക്കായി വേണ്ട മാനദണ്ഡങ്ങളൊന്നു ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ട്രാന്‍സ്‌ഫോര്‍മറുകള്‍ വെച്ചാല്‍ സാധാരണ മറ്റുള്ളവര്‍ക്ക് കയറാന്‍ കഴിയാത്തവിധം കമ്പികള്‍കൊണ്ട് വേലി തീര്‍ത്ത് സുരക്ഷിതമാക്കുകയാണ് പതിവ്.

ഇവിടെയാകട്ടെ ഇവയൊന്നും തന്നെയില്ല. മറ്റ് വിദ്യാലയങ്ങളിലേക്ക് പോകുന്നകുട്ടികള്‍ ബസ് കാത്തു നില്‍ക്കുന്നതും ഈ ട്രാന്‍സ്‌ഫോര്‍മറിന് മുന്‍വശത്തുനിന്നുമാണ്. അപകട സാധ്യത മുന്നില്‍ കണ്ട് ട്രാന്‍സ് ഫോര്‍മറിന് സുരക്ഷാവലയും നിര്‍മിക്കുകയോ അല്ലാത്ത പക്ഷം ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുകയോവേണമെന്ന ആവശ്യം ശക്തമായി.