തെന്മല സ്വദേശിയായ ട്രാന്‍സ് ജെന്‍ഡറിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതി. സര്‍ക്കാര്‍ രേഖകളിലും ആധാറിലും വരെ ട്രാന്‍സ് ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുമ്പോഴാണ് ഇത്. തപാല്‍ ഓഫിസില്‍ താല്‍ക്കാലികമായി ജോലിനോക്കുകയാണ് തെന്മല സ്വദേശിയായ പാര്‍വ്വതി. ആര്യങ്കാവ് കവലയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെ വനമേഖലയായ റോസ് മല ഉള്‍പ്പെടുള്ള സ്ഥലങ്ങളില്‍ തപാല്‍എത്തിക്കുന്നത് പാര്‍വ്വതിയാണ് 

ദിവസേന നാല്‍പ്പത് കിലോമീറ്ററിലധികം യാത്ര ചെയ്താണ് പാര്‍വ്വതിയുടെ ജോലി. പത്ത് വര്‍ഷങ്ങള്‍ക്ക് അപ്പുറം താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പുരുഷന്മാരുടെ പട്ടികയിലായിരുന്നു. ആദിവാസിയായ കുമരേശന്‍ പിന്നിട് പാര്‍വ്വതിയായി. ഇപ്പോള്‍ ഒട്ട് മിക്ക സര്‍ക്കാര്‍ രേഖകകളിലും ട്രാന്‍സ് ജെന്‍ഡര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലാണ് വോട്ട് ചെയ്യതത്. എന്നാല്‍ പുതിയ പട്ടിക വന്നപ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ല. പരാതിയുമായി പഞ്ചായത്ത് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കയറി ഇറങ്ങുകയാണ് പാര്‍വ്വതി.

നിലവില്‍ ജില്ലയിലെ ഏക ട്രാന്‍സ് ജെന്‍ഡര്‍ തപാല്‍ വിതരണക്കാരികൂടിയാണ് പാര്‍വ്വതി. തപാല്‍ വിതരണകാര്‍ക്കായുള്ള സ്ഥിരം നിയമനത്തിനായി പാര്‍വ്വതി അപേക്ഷ നല്‍കിയിടുണ്ട്. ട്രന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിപ്പും ഉണ്ട്. മത്സര പരീക്ഷകളില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് പാര്‍വ്വതി പറയുന്നു. സമീപകാലത്ത് ചില സാമുഹ്യ വിരുദ്ധരുടെ അക്രമത്തിന് ഇരയായി തലക്ക് ഗുരുതര പരിക്ക് പറ്റി വാഹനവും തട്ടിയെടുത്തു. പിന്നിട് പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് വാഹനം തിരികെ കിട്ടിയത്.