Asianet News MalayalamAsianet News Malayalam

‌'ഞങ്ങള്‍ക്കും കുടുംബ ജീവിതമുണ്ട്..' നിലനും അദ്വികയും ഇന്ന് വിവാഹിതരാകുന്നു; ഒപ്പം നിന്ന് സുഹൃത്തുക്കളും

പൊതുസമൂഹത്തില്‍ നിന്നുള്ള മാറ്റിനിര്‍ത്തലുകള്‍ക്കും കുറ്റാരോപണങ്ങള്‍ക്കും അപ്പുറത്ത് തങ്ങള്‍ക്കും കുടുംബജീവിതം സാധ്യമാണെന്ന് തെളിയിക്കുകയാണ് ഇരുവരും. 

Transgenders Nilan Krishna and Advika are getting married today
Author
First Published Nov 24, 2022, 8:54 AM IST


കൊല്ലങ്കേട്:  പാലക്കാട് ജില്ലയിലെ കൊല്ലങ്കേട് ഇന്ന് അപൂര്‍വ്വമായൊരു വിവാഹത്തിന് വേദിയൊരുങ്ങുകയാണ്. നിലന്‍ കൃഷ്ണ (23)യുടെയും അദ്വിക (23)യുടെയും വിവാഹം. മറ്റുള്ളവരെ പോലെ തങ്ങള്‍ക്കും സാധാരണ ജീവിതം സാധ്യമാണെന്ന് തെളിയിക്കുകയാണ് ഭിന്നലിംഗക്കാരായ ഇരുവരും. കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ ഇരുവരും പൊള്ളാച്ചി റോഡിലുള്ള തെക്കേ പാവടി ശെങ്കുന്തര്‍ കല്യാണ മണ്ഡപത്തില്‍ മിന്നുകെട്ടും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാണ് താലികെട്ട്. 

ആലപ്പുഴ സ്വദേശിയായ നിലന്‍ ജന്മം കൊണ്ട് പെണ്‍കുട്ടിയാണെങ്കിലും പിന്നീട് ആണ്‍കുട്ടിയുടെ ജീവിതക്രമത്തിലേക്ക് സ്വയം മാറിയ ആളാണ്. തിരുവനന്തപുരം സ്വദേശിയായ അദ്വികയാകട്ടെ ആണ്‍കുട്ടിയായി ജനിച്ച്  പെണ്‍കുട്ടിയുടെ ജീവിതം തെരഞ്ഞെടുത്ത ആളും. സ്വന്തം ഇഷ്ടത്തിന് ജീവിതം തെഞ്ഞെടുത്തത് കൊണ്ട് തന്നെ പൊതുസമൂഹത്തില്‍ നിന്നും വ്യത്യസ്തമായ ഏറെ അനുഭവങ്ങളും ഇരുവര്‍ക്കും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. 

പൊതുസമൂഹത്തില്‍ നിന്നുള്ള ഈ മാറ്റിനിര്‍ത്തലുകള്‍ക്കും കുറ്റാരോപണങ്ങള്‍ക്കും അപ്പുറത്ത് തങ്ങള്‍ക്കും ഈ ചെറിയ ലോകത്ത് കുടുംബജീവിതം സാധ്യമാണെന്നും അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് തെളിയിക്കുകയും അതിലൂടെ സ്വജീവിതം തെരഞ്ഞെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസവും ഉണ്ടാക്കാനാണ് കുടുംബജീവിതത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇരുവരും പറയുന്നു. 

പൊതുബോധത്തിന് അപ്പുറത്ത് ഒരു ജീവിതം സാധ്യമാക്കുമ്പോള്‍ ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്നതാകട്ടെ ജോലി ചെയ്യുന്ന കമ്പനിയും. വിവാഹ വേദിയൊരുക്കുന്നതിനും മറ്റ് കല്യാണ ആവശ്യങ്ങള്‍ക്കും പിന്നണിയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് ഫിന്‍ഗ്രൂപ്പ്. ഭിന്നലിംഗക്കാര്‍ ഈ സമൂഹത്തിന്‍റെ ഭാഗമാണെന്നും അവര്‍ മാറ്റിനിര്‍ത്തുകയല്ല, കൂടെ ചേര്‍ക്കുകയാണ് വേണ്ടതെന്നും വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തുന്ന കരിപ്പോട് സ്വദേശിയും ഫിന്‍ഗ്രൂപ്പ് ഉടമയുമായ കെ രജിത പറയുന്നു. ഫിന്‍ഗ്രൂപ്പില്‍ നിലന്‍ കൃഷ്ണയെയും അദ്വികയെയും കൂടാതെ മറ്റ് ഭിന്നലിംഗക്കാരും ജോലി ചെയ്യുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios