പ്രളയം തകര്‍ത്ത റോഡും പാലവും പുനര്‍നിര്‍മിക്കുന്നത് വൈകുന്നതിനാല്‍ കടുത്ത യാത്രദുരിതം പേറുകയാണ് തലപ്പുഴക്കടുത്ത് വരയാല്‍ പ്രദേശവാസികള്‍. പ്രളയജലം ഇറങ്ങിയിട്ട് നാളുകളായെങ്കിലും മാനന്തവാടിയില്‍ നിന്നും വരയാലിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ഇതുവരെ ആരംഭിക്കാനായിട്ടില്ല.
കല്‍പ്പറ്റ: പ്രളയം തകര്‍ത്ത റോഡും പാലവും പുനര്‍നിര്‍മിക്കുന്നത് വൈകുന്നതിനാല്‍ കടുത്ത യാത്രദുരിതം പേറുകയാണ് തലപ്പുഴക്കടുത്ത് വരയാല്‍ പ്രദേശവാസികള്‍. പ്രളയജലം ഇറങ്ങിയിട്ട് നാളുകളായെങ്കിലും മാനന്തവാടിയില്‍ നിന്നും വരയാലിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ഇതുവരെ ആരംഭിക്കാനായിട്ടില്ല.
ശക്തമായ ഒഴുക്കിലാണ് കണ്ണോത്തുമലയിലെ ഓവുപാലം തകര്‍ന്നത്. ബസ് സര്‍വ്വീസ് ആരംഭിക്കാത്തതിനാല്‍ വരയാല്‍ പ്രദേശത്തെ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്താല്‍ നാട്ടുകാര്‍ ഓവുപാലം താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. നിലവില്‍ പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ വാളാടേക്കുള്ള ബസുള്‍പ്പെടെ മിക്ക വാഹനങ്ങളും പാലം വഴി കടന്നുപോകുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് ഓടിക്കാന്‍ തയ്യാറാകാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് പലരും ജോലിക്കും മറ്റുമൊക്കെ പോകുന്നത്.
ശനി, ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെയും വൈകീട്ടുമായി രണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്ക് വരയാലിലേക്കുള്ളത്. ജനങ്ങള്‍ക്ക് വരയാലിനെ കൂടാതെ എടമന, കണ്ണോത്തുമല എന്നിവിടങ്ങളിലുള്ളവരും ഈ സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. വരയാല്‍ പ്രദേശത്തെ മാനന്തവാടി-തലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന 41-ാം മൈലിലെ പാലവും പ്രളയത്തില്‍ തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഈ വഴി യാത്ര ചെയ്യാനും കഴിയില്ല. കണ്ണോത്തുമലയിലെ ഓവുപാലം സര്‍വ്വീസ് നടത്താന്‍ കഴിയില്ലെങ്കില്‍ വെണ്‍മണി വഴി വരയാലിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
