കേരളത്തിലുടനീളം ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഓപ്പറേറ്റര്‍മാരായ 75 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍, ഷോകേസ് മൂന്നാര്‍, ടീം അഡ്വഞ്ചര്‍, ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്
ഇടുക്കി: മൂന്നാറിലെ മലനിരകളില്‍ കുറിഞ്ഞി പൂത്തു തുടങ്ങിയതോടെ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പരിപാടികള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മൂന്നാറിലെത്തിയത്. ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തിലായിരുന്നു യാത്ര സംഘടിപ്പിക്കപ്പെട്ടത്.
പ്രളയം മൂലം ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച മൂന്നാറില്‍ ടൂറിസത്തിന് അനുയോജ്യമായ പശ്ചാത്തലമാണ് നിലവിലുള്ളതെന്ന് ലോകത്തെ അറിയിക്കുക എന്നുള്ളതാണ് യാത്ര കൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ മൂന്നാറിലെത്തിയ സംഘത്തിന് പഴയ മൂന്നാറിലെ യുദ്ധസ്മാരകത്തിന് സമീപമുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഓഫീസ് അങ്കണത്തില്‍ സ്വീകരണം നല്‍കി.
സംഘാംഗങ്ങള്‍ക്ക് മാലയിട്ടാണ് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ ടൂറിസം സെക്രട്ടറി ജെയിന്‍, ഷോ കേസ് മൂന്നാര്‍ പ്രസിഡന്റ് വിനോദ് , മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് വി.വി. ജോര്‍ജ്, മൈ മൂന്നാര്‍ മൂവ്‌മെന്റ് പ്രസിഡന്റ് ലിജി ഐസക്ക്, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി നായകന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രചാരണാര്‍ത്ഥം പഴയ മൂന്നാറില്‍ നിന്നും ടൗണിലേക്ക് ജാഥ നടത്തി.
കേരളത്തിലുടനീളം ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഓപ്പറേറ്റര്‍മാരായ 75 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍, ഷോകേസ് മൂന്നാര്‍, ടീം അഡ്വഞ്ചര്‍, ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.
കുറിഞ്ഞി പൂത്തു തുടങ്ങിയ ഇരവികുളം ദേശീയോ ധ്യാനത്തിലെ രാജമലയിലേക്ക് കറിഞ്ഞിപ്പൂ കാണാനെത്തുന്നവരുടെ തിരക്കേറുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 8000 അടി മുകളിലുള്ള പ്രദേശമായ കൊളുക്കുമല മലനിരകളിലും കുറിഞ്ഞി പൂത്തിട്ടുണ്ട്. കറിഞ്ഞി കാണുവാന്‍ പ്രത്യേക പാക്കേജ് പോലുള്ള പദ്ധതികളും ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ സംഘടിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ട്.
