Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചു; പാതിരാത്രിയില്‍ വന്യമൃഗ ശല്യമുള്ള മേഖലയില്‍ കാര്‍ ചളിയില്‍ പൂണ്ടു കുടുങ്ങി

താമസിച്ചിരുന്ന സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള വഴി ഗൂഗിള്‍ മാപ്പിലൂടെ പിന്തുടര്‍ന്നതിനിടയിലാണ് കാട്ടില്‍ കുടുങ്ങിയത്. ദേവികുളത്തേക്കുള്ള എളുപ്പവഴി പാതിരാത്രിയില്‍ തെറ്റുകയും റോഡിലെ ചളിയില്‍ കാര്‍ കുടുങ്ങുകയും ചെയ്തതോടെ വന്യമൃഗശല്യമുള്ള ഭാഗത്ത് കുടുംബം ഒറ്റപ്പെടുകയായിരുന്നു

travelers failed by google map direction trapped in dense forest in middle of night for hours in kuttiyar valley
Author
Kuttiyar vally, First Published Aug 9, 2021, 7:28 AM IST

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു. പകല്‍ നേരത്തുപോലും പുലിയും കടുവയും ആനയും കാട്ടുപോത്തും അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം സാധാരണമായ കൊടുംകാട്ടിലാണ് തൃശൂര്‍ നിന്നുള്ള കുടുംബം പാതിരാത്രിയില്‍ കുടുങ്ങിയത്. ടോപ് സ്റ്റേഷനും വട്ടവടയും കണ്ട് മടങ്ങുന്നതിനിടയിലാണ് ഗൂഗിള്‍ മാപ്പ് തൃശൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരെയും ചതിച്ചത്. ദേവികുളത്ത് താമസിച്ചിരുന്ന സ്വകാര്യ റിസോര്‍ട്ടിലേക്കെത്താനായാണ് ഇവര്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായം തേടിയത്.

കുറ്റ്യാർവാലി വനത്തിലാണ് മണിക്കൂറുകളോളം കുടുംബം കുടുങ്ങിയത്. ഗൂഗിള്‍ മാപ്പ് വഴി കാണിച്ചതനുസരിച്ച് മാട്ടുപ്പെട്ടി എട്ടാം മൈലിൽ എത്തിയപ്പോൾ മൂന്നാർ റൂട്ടിൽ നിന്നു തിരിഞ്ഞ് കുറ്റ്യാർവാലി റൂട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു സംഘം. ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ച് സംഘത്തിന് വീണ്ടും വഴി തെറ്റി. ഇതോടെയാണ് ഇവരുടെ വാഹനം അർധരാത്രി വഴി അറിയാതെ വനത്തിലൂടെയും തേയിലക്കാട്ടിലൂടെയും കറങ്ങിയത്.

ഇതിനിടെ വഴിയിലെ ചളിയില്‍ ടയര്‍ കൂടി പൂണ്ടതോടെ സംഘം പൂര്‍ണമായി കുടുങ്ങി. മൊബൈലിന് സിഗ്നല്‍ ദുര്‍ബലമായതും ഇവര്‍ക്കുവെല്ലുവിളിയായി. എങ്കിലും ഇവര്‍ അയച്ച സന്ദേശം അഗ്നിശമന സേനയ്ക്ക് ലഭിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ 9 അംഗ സംഘം പുലർച്ചെ ഒന്നരയോടെ കുറ്റ്യാർവാലിയിലെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരയച്ച് നല്‍കിയ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താനാവാതെ വന്നതാണ് പ്രശ്നമായത്.

ഇതോടെ കുറ്റ്യാർവാലിയിലെ ഉയർന്ന പ്രദേശത്തെത്തി അഗ്നിശമന സേന സെര്‍ച്ച് ലൈറ്റ് അടിച്ചു. ഇത് കണ്ട കാറിലെ ലൈറ്റുകൊണ്ട് കാറില്‍ കുടുങ്ങിയ സംഘം മറുപടി നല്‍കി. പുലര്‍ച്ചെ ഒന്നരമണിയ്ക്ക് ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടങ്ങിയിരുന്നുവെങ്കിലും രാവിലെ നാലുമണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കാറിന് അടുത്തെത്തിയത്. ഒന്നര മണിക്കൂറോളം ശ്രമിച്ച ശേഷമാണ് ചളിയില്‍ പുതഞ്ഞ കാര്‍ ഉയര്‍ത്താനായത്. സീനിയർ ഫയർ ഓഫിസർമാരായ തമ്പിദുരൈ, വി.കെ.ജീവൻകുമാർ, ഫയർ ഓഫിസർമാരായ വി.ടി.സനീഷ്, അജയ് ചന്ദ്രൻ, ആർ.രാജേഷ്, എസ്.വി. അനൂപ്, ഡാനി ജോർജ്, കെ. എസ്. കൈലാസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios