Asianet News MalayalamAsianet News Malayalam

ആനയുടെ മുന്‍കാലുകൾക്ക് ക്ഷതം; മയക്കി അതിവേഗം പ്രാഥമിക ചികിത്സ നൽകി, കുളത്തിലെത്തി വെള്ളം കുടിച്ചു, പ്രതീക്ഷ

മയക്കുവെടി വെക്കാന്‍ കഴിയാതിരുന്ന രണ്ട് ദിവസം ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും ഭക്ഷണത്തിലൂടെ നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് വിജയം കണ്ടില്ല.

Treatment begins for injured tusker at Wayanad Wildlife Sanctuary ppp
Author
First Published Dec 6, 2023, 11:05 PM IST

സുല്‍ത്താന്‍ബത്തേരി: നീണ്ട അനിശ്ചിതത്വങ്ങള്‍ ഒടുവിലാണ് മുത്തങ്ങക്കടുത്ത കല്ലൂര്‍ 67-ല്‍ ബസിടിച്ച് പരിക്കേറ്റ ആനക്ക് ചികിത്സ നല്‍കിയത്. ആനയുടെ രണ്ട് മുന്‍കാലുകള്‍ക്കും ക്ഷതമേറ്റിട്ടുള്ളതായി ആനയുടെ ചികിത്സക്ക് നേതൃത്വം നല്‍കിയ വെറ്ററനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസ് പറഞ്ഞു. മൃഗത്തിന്റെ ഭാരത്തിന്റെ 60 ശതമാനവും വരുന്നത് മുന്‍കാലുകളിലേക്കാണ്. അതിനാല്‍ തന്നെ ഏറെ നേരം നില്‍ക്കാനോ തീറ്റയെടുക്കാനോ ആനക്ക് ഇതുവരെ സാധിച്ചിട്ടില്ല. 

മയക്കുവെടി വെക്കാന്‍ കഴിയാതിരുന്ന രണ്ട് ദിവസം ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും ഭക്ഷണത്തിലൂടെ നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് വിജയം കണ്ടില്ല. ഒടുവിലാണ് ഡോസ് കുറച്ച് ആനയെ മയക്കുവെടി വെക്കാനുള്ള തീരുമാനത്തിലെത്തിയത്. ബുധാനാഴ്ച ഒമ്പതരയോടെയാണ് എലിഫെന്റ് സ്‌ക്വാഡ്, വനം ദ്രുത കര്‍മ്മ സേന (ആര്‍.ആര്‍.ടി), വെറ്ററനറി സംഘം എന്നിങ്ങനെ അമ്പതോളം പേരടങ്ങുന്ന ദൗത്യ സംഘം ആനക്ക് ചികിത്സ നല്‍കാനായി കാടുകയറിയത്. 

അപകടം നടന്ന മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ തോട്ടാമൂല ഭാഗത്തായിരുന്നു ഈ സമയം കൊമ്പനുണ്ടായിരുന്നത്. പരിക്കുകളാല്‍ അവശനായിരുന്ന ആനയെ പത്തരയോടെ തന്നെ മയക്കുവെടിവെച്ചു. ഡോസ് കുറഞ്ഞതിനാല്‍ തന്നെ മയങ്ങാന്‍ സമയമെടുത്തു. ആന പൂര്‍ണമായും മയങ്ങിയതോടെ വേഗത്തില്‍ ചികിത്സ തുടങ്ങി. പ്രാഥമികമായി ചെയ്യേണ്ട എല്ലാ ചികിത്സയും പൂര്‍ത്തിയാക്കി ദൗത്യസംഘം മൂന്ന് മണിയോടെയാണ് കാടിറങ്ങിയത്. എന്നാല്‍ ഈ സമയവും ആനയെ നിരീക്ഷിച്ച് കൊണ്ട് ഏതാനും ജീവനക്കാര്‍ വനത്തിലുണ്ടായിരുന്നു. 

ഇവരാണ് ആന പൂര്‍ണമായും മയക്കം വിട്ടെഴുന്നേറ്റ നേരം സമീപത്തെ കുളത്തിലെത്തി വെള്ളം കുടിച്ച വിവരം ദൗത്യ സംഘ തലവനായ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേശ്കുമാറിനെ വിളിച്ചറിയിച്ചത്. രണ്ട് ദിവസം വെള്ളമോ ഭക്ഷണമോ കഴിക്കാതിരുന്ന ആന ചികിത്സക്ക് ശേഷം വെള്ളം കുടിച്ചത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹനന്‍ പറഞ്ഞു. അതേ സമയം ഭക്ഷണം കഴിച്ച് തുടങ്ങിയില്ലെങ്കില്‍ വരും ദിവസങ്ങളിലെ ചികിത്സയെ ഇത് ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

ആനയുടെ മേലുള്ള നിരീക്ഷണം കര്‍ശനമായി തുടരുമെന്ന് ഉന്നത ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. ഡിസംബര്‍ നാലിനാണ് ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച മിനിബസ് പുലര്‍ച്ചെ അഞ്ചരയോടെ ആനയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന കര്‍ണാട എച്ച്.ഡി. കോട്ട സ്വദേശികളില്‍ ഏതാനും പേര്‍ സാരമല്ലാത്ത പരിക്കേറ്റിരുന്നു. അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി അപകടത്തില്‍പ്പെട്ട മിനിബസ് വ്യാഴാഴ്ച മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പരിശോധിക്കും. ബസ് വനപാതയില്‍ നിശ്ചയിച്ചതിലുമധികം വേഗതിയലാണോ സഞ്ചരിച്ചതെന്നും മറ്റുമുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന.

ബസ് ഇടിച്ച് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചു;കുങ്കിയാനകളുടെ സഹായത്തോടെ ചികിത്സ,നിരീക്ഷണം തുടരും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios