സ്വതന്ത്രമായി ചലിക്കാന്‍ പോലുമാകാത്ത വിധം അപൂര്‍വ രോഗം ബാധിച്ച മൂന്നു സഹോദരങ്ങളുടെയും അവരുടെ നിര്‍ധന മാതാപിതാക്കളുടെയും ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
എറണാകുളം: സ്വതന്ത്രമായി ചലിക്കാന്‍ പോലുമാകാത്ത വിധം അപൂര്‍വ രോഗം ബാധിച്ച മൂന്നു സഹോദരങ്ങളുടെയും അവരുടെ നിര്‍ധന മാതാപിതാക്കളുടെയും ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശികളായ കൃഷ്ണന്‍റെയും ബിന്ദുവിന്‍റെയും മക്കളായ മൂന്നു യുവ സഹോദരങ്ങളാണ് പ്രേക്ഷകരുടെയും വൈദ്യ സമൂഹത്തിന്‍റെയും സഹായം തേടുന്നത്.
എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കില്ല, പെട്ടെന്ന് വിറയല്‍ വരും, നിലത്ത് വീഴും. ഇതാണ് പ്രവീണിന്‍റെ പ്രശ്നം. പ്രവീണിന്‍റെ മാത്രമല്ല 22 വയസുകാരനായ അനിയന്‍ ജിത്തുവിന്‍റെയും 27 വയസുകാരിയായ ചേച്ചി ഗീതുവിന്‍റെയും സ്ഥിതിയും ഇതു തന്നെ. പതിനാലു വയസുവരെ സാധാരണ കുട്ടികളെ പോലെ ഓടിച്ചാടി നടന്നതാണ് മൂവരും. ആദ്യം ഗീതുവിലാണ് രോഗലക്ഷണം കണ്ടത്. പിന്നാലെ ഇളയ സഹോദരന്‍മാരും അപൂര്‍വ രോഗത്തിന്‍റെ ഇരകളാവുകയായിരുന്നു.

തലച്ചോറിലെ നാഡികള്‍ക്കുണ്ടായ തകരാറിനെ തുടര്‍ന്നുളള മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് രോഗമാണ് മൂവര്‍ക്കുമെന്നാണ് സംശയം. പക്ഷേ ഇത് സ്ഥിരീകരിക്കാന്‍ തക്ക വിദഗ്ധ വൈദ്യോപദേശം നേടാന്‍ പോലും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. കിണറു പണിക്കാരനായ അച്ഛന്‍ കൃഷ്ണന്‍ മക്കളുടെ നിത്യചെലവുകള്‍ക്കുളള പണം കണ്ടെത്താന്‍ തന്നെ പാടുപെടുകയാണ്. കരുണയുളളവര്‍ കൈ പിടിച്ചാല്‍ ഇവര്‍ നിവര്‍ന്നു നില്‍ക്കും, ജീവിതത്തിലേക്ക് ചുവടുവെക്കും. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണീ കുടുംബം.

