ചേര്‍ത്തല: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വെ സ്റ്റേഷന് സമീപമാണ് കനത്ത മഴക്കിടെ ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മരം വീണത്. കാറിനുള്ളിലുണ്ടായിരുന്ന വയലാര്‍ കളവംകോടം ലക്ഷ്മിസദനത്തില്‍ സാട്ടോ (39), അമ്മ കനകമ്മ(67)എന്നിവര്‍  നിസാര പരിക്കുകളോടെ രക്ഷപെട്ടു.  

ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു അപകടം. പാതയോരത്തു നിന്ന തണല്‍മരമാണ് ഒടിഞ്ഞുവീണത്. ഒടിഞ്ഞുവീണ മരക്കമ്പുകള്‍ ചില്ലിലൂടെ വാഹനത്തിനുള്ളിലേക്കു തറച്ചുകയറിയെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനയുമെത്തിയാണ് ചില്ല മുറിച്ച് ഇരുവരെയും പുറത്തിറക്കിയത്. കാറിനു വലിയതോതില്‍ നാശം സംഭവിച്ചു. സമീപത്തുവെച്ചിരുന്ന സ്‌കൂട്ടറും മരംവീണു തകര്‍ന്നിട്ടിട്ടുണ്ട്. കനത്ത മഴയ്ക്കിടയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപെട്ടു. നഗരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗതം പുനരാരംഭിച്ചത്.